ഡാലസ്∙ ഫോമാ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നഴ്‌സിങ് സ്കോളർഷിപ്പുകളുടെ വിതരണോദ്ഘാടനം കേരളം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിക്കും. സെപ്റ്റംബർ 26 ശനിയാഴ്ച, അമേരിക്കൻ ഈസ്റ്റേൺ സമയം രാവിലെ കൃത്യം ഒൻപതു മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ അർഹരായ നഴ്‌സിങ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ കൈമാറും. (ഇന്ത്യൻ സമയം സെപ്റ്റംബർ 26നു വൈകിട്ടു ആറരയ്ക്ക്).

58 വിദ്യാർഥികളാണു ഫോമായുടെ നഴ്‌സിങ് സ്‌കോളർഷിപ്പിന് അർഹരായിരിക്കുന്നത്. ഇതിനായി, കഴിഞ്ഞ വർഷം ഡിസംബറിൽ, കേരള സംസ്ഥാന സർക്കാരിന്റെ അംഗീകൃത നഴ്‌സിങ് വിദ്യാലയങ്ങളിൽ നിന്നും നേരിട്ട് അപേക്ഷകൾ ക്ഷണിച്ചിരുന്നു. ആയിരകണക്കിന് അപേക്ഷകരിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളിൽ നിന്ന്, മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ. ഇപ്പോൾ നഴ്‌സിങ് പഠനം തുടർന്നുകൊണ്ടിരിക്കുന്നവരെയാണ് ഇതിനായി പരിഗണിച്ചത്. 50000 രൂപയുടെ ഈ സ്‌കോളർഷിപ്പ്, ഈ കോവിഡ് മഹാമാരി കാലത്ത് ഇവർക്ക് വലിയ ഒരു സഹായകമാകും. സ്കോളർഷിപ് തുക ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഡിപ്പോസിറ്റ് ചെയ്യുകയാണ്. ഇതിനായുള്ള എല്ലാവിധ നടപടികളും പൂർത്തിയായി കഴിഞ്ഞു. ഫോമായുടെ പൊതുയോഗത്തിൽ ഈ സ്‌കോളർഷിപ്പ് പദ്ധതിയെ പ്രത്യേകം പ്രശംസിച്ചിരുന്നു.

സൂം വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ഈ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി, ഈ സ്‌കോളർഷിപ്പ് പദ്ധതിയുടെ ചു ക്കൻ പിടിച്ച ഫോമാ വിമൻസ് ഫോറം ചെയർമാൻ രേഖ നായർ അറിയിച്ചു. ഫോമായുടെ റീജിയൻ തലങ്ങളിൽ രൂപീകരിച്ചിട്ടുള്ള വിമൻസ് ഫോറം കമ്മറ്റികളുടെ പൂർണ്ണ സഹകരണം ഈ പദ്ധതിയുടെ വിജയത്തിന് വലിയ ഒരു കാരണമായി എടുത്തു പറയേണ്ടതായുണ്ട്. ഈ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് ഉദാരമായി സംഭാവന ചെയ്ത എല്ലാ മഹത് വ്യക്തികളോടുമുള്ള സീമമായ നന്ദി വൈസ് ചെയർ പേഴ്‌സൺ അബിത ജോസ്, അഡ്വൈസറി ബോർഡ് ചെയർ കുസുമം ടൈറ്റസ്, അഡ്വൈസറി വൈസ് ചെയർ ഗ്രേസി ജെയിംസ്, ഫോമാ വിമൻസ് ഫോറം നാഷണൽ കമ്മറ്റി മെംബേർസ് എന്നിവർ സംയുക്തമായി രേഖപ്പെടുത്തി.