അരുണാചലിൽ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം ഇന്ന് രാവിലെ 9.30ന് ഇന്ത്യയ്ക്ക് കൈമാറും. അരുണാചൽ-ചൈന അതിർത്തിയിലെ ദമായിയിലാണ് കൈമാറ്റം നിശ്ചയിച്ചിരിക്കുന്നത്. യുവാക്കളെ ചൈനയിൽ കണ്ടെത്തിയെന്ന് പീപ്പിൾ ലിബറേഷൻ ആർമി കരസേനയെ അറിയിച്ചിരുന്നു.
ഇക്കാര്യം വ്യക്തമാക്കിയത് കേന്ദ്രമന്ത്രി കിരൺ റിജിജുവാണ്. യുവാക്കളെ കൈമാറുമെന്ന് ചൈന പീപ്പിൾ ലിബറേഷൻ ആർമി അറിയിച്ചുവെന്നും നിർദേശിക്കപ്പെട്ട സ്ഥലത്ത് വച്ചായിരിക്കും കൈമാറ്റമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മാസമാണ് ഈ യുവാക്കളെ കാണാതായത്. ടാഗിൻ ഗോത്രത്തിൽ പെട്ട യുവാക്കളെ കാണാതായതായി അതില്‍ ഒരാളുടെ സഹോദരൻ സമൂഹ മാധ്യമത്തിൽ ആരോപിച്ചിരുന്നു. പിന്നീട് ചൈനക്ക് സന്ദേശം അയച്ച ഇന്ത്യക്ക് അവരെ കണ്ടെത്തിയതായി മറുപടി ലഭിച്ചു. വേട്ടക്ക് ഇറങ്ങിയ സംഘത്തിലെ അഞ്ച് പേരാണ് അതിർത്തി അബദ്ധത്തിൽ കടന്നത്.
അതേസമയം അതിർത്തിയിലെ സൈനിക പിന്മാറ്റം വേഗത്തിലാക്കണമെന്ന ഇന്ത്യ-ചൈന ധാരണയ്ക്ക് തുടർച്ചയായി അടുത്ത ആഴ്ച ആദ്യം ചർച്ച തുടങ്ങുമെന്ന് സൂചനയുണ്ട്. കോർപ്‌സ് കമാൻഡർ തല ചർച്ചകളാണ് പുനരാരംഭിക്കുന്നത്.



