മുംബൈ : ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കുമേല്‍ സംസ്ഥാന സര്‍ക്കാരിനു നിയന്ത്രണങ്ങളൊന്നുമില്ലെ എന്നു മഹാരാഷ്ട്ര സര്‍ക്കാരിനോടു ബോംബെ ഹൈക്കോടതി. ടെലിവിഷന്‍ വാര്‍ത്തകള്‍ എന്തുകൊണ്ടു നിരീക്ഷിക്കപ്പെടുന്നില്ല എന്നും കോടതി ചോദിച്ചു. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ പരാമര്‍ശം.
സുശാന്തിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചാനലുകളെ നിയന്ത്രിക്കണം എന്നത് ഉള്‍പ്പെടെയുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. കേസില്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ കക്ഷി ചേര്‍ത്തു. ചാനല്‍ വാര്‍ത്തകളില്‍ എത്രത്തോളം നിയന്ത്രണമുണ്ടെന്ന് അറിയിക്കാന്‍ മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി.
കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയെ കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടു. അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ചാനലുകള്‍ സമാന്തര അന്വേഷണം നടത്തുകയാണന്നും മുംബൈ പൊലീസിനെതിരെ പ്രചാരണം നടത്തുകയാണെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ട്.



