വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ ബഹിരാകാശ വാഹനത്തിന് അന്തരിച്ച ബഹിരാകാശയാത്രിക കല്‍പന ചൗളയുടെ പേര് നല്‍കാന്‍ തീരുമാനം. ബഹിരാകാശശാസ്ത്രത്തിന് കല്‍പന ചൗള നല്‍കിയ സുപ്രധാന സംഭാവനകള്‍ പരിഗണിച്ചാണ് ബഹിരാകാശവാഹനത്തിന് ഇന്ത്യക്കാരിയായ ആദ്യ ബഹിരാകാശയാത്രിക കല്‍പന ചൗളയുടെ പേര് നല്‍കുന്നത്.

2003-ല്‍ കൊളംബിയ സ്‌പേസ് ഷട്ടിലിലെ മടക്കയാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് കല്‍പന ചൗള അന്തരിച്ചത്. ബഹിരാകാശ ദൗത്യത്തില്‍ വിദഗ്ധയായിരുന്ന കല്‍പനയുടെ സ്മരണാര്‍ഥം തങ്ങളുടെ അടുത്ത ബഹിരാകാശ വാഹനത്തിന് എസ്.എസ്. കല്‍പന ചൗള എന്ന പേര് നല്‍കുമെന്ന് അമേരിക്കയുടെ ആഗോള ബഹിരാകാശ-പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോര്‍ത്ത്‌റോപ് ഗ്രൂമാന്‍ പ്രഖ്യാപിച്ചു.

മനുഷ്യരുള്‍പ്പെടുന്ന ബഹിരാകാശദൗത്യത്തിന് കല്‍പന നല്‍കിയ സംഭാവനകള്‍ എക്കാലവും നിലനില്‍ക്കുമെന്നും ഇന്ത്യന്‍ വംശജയായ ആദ്യബഹിരാകാശ യാത്രികയെന്ന നിലയില്‍ നാസയില്‍ ചരിത്രം രേഖപ്പെടുത്തിയ കല്‍പന ചൗളയെ ബഹുമാനിക്കുന്നുവെന്നും നോര്‍ത്ത്‌റോപ് ഗ്രൂമാന്‍ കമ്പനി ബുധനാഴ്ച ട്വീറ്റ് ചെയ്തു.