വാഷിങ്​ടണ്‍: കോവിഡ്​ ഫണ്ടില്‍ തട്ടിപ്പ്​ നടത്തിയ സംഭവത്തില്‍ നിരവധി ജീവനക്കാരെ പുറത്താക്കി അമേരിക്കന്‍ കമ്പനിയായ ജെ.പി മോര്‍ഗന്‍. കോവിഡ്​ മൂലം പ്രതിസന്ധിയിലായ വ്യവസായ സ്ഥാപനങ്ങള്‍ക്ക്​ സഹായം നല്‍കാനായി മാറ്റിവെച്ച ഫണ്ടിലാണ്​ തട്ടിപ്പ്​ കണ്ടെത്തിയത്​​.

ഇ​ക്കണോമിക്​ ഇഞ്ചുറി ഡിസാസ്​റ്റര്‍ വായ്​പ ചില ജീവനക്കാര്‍ അനധികൃതമായി സ്വന്തമാക്കിയെന്നാണ്​ ജെ.പി മോര്‍ഗന്‍െറ കണ്ടെത്തല്‍. കോവിഡ്​ മൂലം പ്രതിസന്ധിയിലായ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ കുറഞ്ഞ പലിശനിരക്കില്‍ 10,000 ഡോളര്‍ വരെ വായ്​പ നല്‍കാനായി മാറ്റിവെച്ച തുകയിലാണ്​ തട്ടിപ്പ്​ നടത്തിയത്​. സര്‍ക്കാര്‍ സഹായത്തോടെയാണ്​ പദ്ധതി നടപ്പാക്കുന്നത്​.

ഈ വായ്​പ അനധികൃതമായി ജെ.പി മോര്‍ഗനിലെ ചില ജീവനക്കാര്‍ നല്‍കിയെന്നാണ്​ റിപ്പോര്‍ട്ട്​. ഇതേ തുടര്‍ന്ന്​ ബാങ്കിന്‍െറ ചട്ടങ്ങള്‍ ലംഘിച്ചതിനാണ്​ ജെ.പി മോര്‍ഗന്‍ ജീവനക്കാരെ പുറത്താക്കിയത്​. എന്നാല്‍, വാര്‍ത്തകള്‍ ഇതുവരെ ബാങ്ക്​ സ്ഥിരീകരിച്ചിട്ടില്ല.

160,000 ജീവനക്കാരാണ്​ ജെ.പി മോര്‍ഗന്​ യു.എസിലുള്ളത്​. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക്​ സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 29 ബില്യണ്‍ ഡോളറാണ്​ സ്ഥാപനം വായ്​പയായി നല്‍കിയത്​.