എല്ലാത്തരം ലഹരിയില്‍ നിന്നും സിനിമാ ലോകം അകന്നു നില്‍ക്കണമെന്ന് ചലച്ചിത്ര താരം ആര്. മാധവന്. ജീവിതത്തെയും സിനിമയെയും അഭിലാഷങ്ങളെയും തകര്‍ക്കാന്‍ മാത്രമേ ലഹരി ഉപകരിക്കു എന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ബോളിവുഡില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നേരിട്ട് വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ വെബ് സീരീസ് ചിത്രമായ ‘സെവന്ത് സെന്‍സി’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബൈയില്‍ എത്തിയതായിരുന്നു നടന്. ചലച്ചിത്രം പൂര്‍ണമായും ദുബൈയിലാണ് ചിത്രീകരിക്കുന്നത്. കോവിഡ് കാലത്തും ദുബൈ നിലനിര്‍ത്തുന്ന സജീവത അദ്ഭുതകരമാണെന്ന് നിര്‍മാതാവ് ഗൌരാംങ് ജോഷി പറഞ്ഞു. കരണ്‍ ദാരാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിബ്രാന് നൂറാനിയുടേതാണ്.
ഒ.ടി.ടിയില്‍ കഥപറയുന്നതിന് വളരെ സ്വാതന്ത്ര്യം കിട്ടുമെങ്കിലും അത് സാമൂഹിക സന്തുലിതാവസ്ഥയെ തകര്‍ക്കുന്ന രീതിയിലാകുമെന്ന് കരുതുന്നില്ലെന്നും മാധവന് കൂട്ടിച്ചേര്‍ത്തു. പൂര്‍ണമായും മൊബൈലില്‍ ചിത്രീകരിച്ച മലയാള ചലച്ചിത്രം സീ യൂ സൂണ്‍ കാണാന്‍ സാധിച്ചില്ലെന്നും എങ്കിലും മികച്ച ആശയമാണിതെന്നും മാധവന് പറഞ്ഞു.



