വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ നുണപരിശോധന നടത്താന്‍ സി.ബി.ഐ തീരുമാനം. സുഹൃത്തുക്കളായ പ്രകാശന് തമ്ബി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്ജുന്, സാക്ഷിയായ കലാഭവന്‍ സോബി എന്നിവരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുന്നത്. ബാലഭാസ്കറിന്റെ മരണത്തിന് മുന്‍പു തന്നെ സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്ത് തുടങ്ങിയതായും സി.ബി.ഐ നിഗമനം. സുഹൃത്തായ സ്റ്റീഫന്‍ ദേവസിയെ മൊഴിയെടുക്കാനും വിളിച്ചു.
ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ പരാതിപ്രകാരം സംശയനിഴലിലുള്ളവരാണ് പ്രകാശന് തമ്ബിയും വിഷ്ണു സോമസുന്ദരവും. മാത്രവുമല്ല, 2019ല്‍ തിരുവനന്തപുരത്ത് 25 കിലോ സ്വര്‍ണം പിടികൂടിയ കേസിലെ പ്രതികളുമാണ്. വിഷ്ണുവിനെയും പ്രകാശന് തമ്ബിയെയും ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ബാലഭാസ്കറിന്റെ മരണത്തിന് മുന്‍പ് തന്നെ സ്വര്‍ണം കടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. വിഷ്ണു ദുബായിലെ ബിസിനസില്‍ ഒരു കോടിയോളം രൂപ നിക്ഷേപിച്ചതായും കണ്ടെത്തി. സ്വര്‍ണക്കടത്തും മരണവും തമ്മില്‍ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്ന സാഹചര്യത്തിലാണ് നുണപരിശോധന.
മരണത്തിനിടയാക്കിയ യാത്രയില്‍ ബാലഭാസ്കറിനും കുടുംബത്തിനും ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനെയും പരിശോധനക്ക് വിധേയമാക്കും. അര്‍ജുനാണ് വാഹനമോടിച്ചതെന്നാണ് ബാലുവിന്റെ ഭാര്യ ലക്ഷ്മിയടക്കം ഒട്ടേറെപ്പേരുടെ മൊഴി. എന്നാല്‍ അര്ജുന് പറയുന്നത് ബാലഭാസ്കറാണെന്നാണ്. ഈ വൈരുധ്യം കേസിലെ വലിയ ദുരൂഹതകളിലൊന്നാണ്. സംഭവത്തിന്റെ ദൃക് സാക്ഷിയെന്ന് അവകാശപ്പെടുകയും ആസൂത്രിത കൊലപാതകമാണെന്ന് മൊഴി നല്‍കുകയും ചെയ്ത കലാഭവന്‍ സോബിയേയും പരിശോധിക്കും.



