മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയുടെ ആദ്യത്തെ ബാച്ച്‌ പുറത്തിറക്കി. റഷ്യയുടെ ഗമാലേയ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും (ആര്‍ഡിഎഫ്) വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വിജയകരമാണെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചതിന് ഏകദേശം ഒരു മാസത്തിനുശേഷമാണ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. അതേസമയം പ്രാദേശിക വില്‍പനകള്‍ ഉടന്‍ ഉണ്ടാകുമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗമാലേയ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയുടെ ആദ്യ ബാച്ച്‌ പുറത്തിറക്കി. റോസ്ഡ്രാവ്‌നാഡ്സറിന്റെ (മെഡിക്കല്‍ ഉപകരണ റെഗുലേറ്റര്‍) ലബോറട്ടറികളിലെ ഗുണനിലവാര പരിശോധനകള്‍ പൊതുജനങ്ങളില്‍ നടത്തുമെന്നും, റഷ്യയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

റഷ്യന്‍ തലസ്ഥാനത്തെ ഭൂരിഭാഗം നിവാസികള്‍ക്കും കൊറോണ വൈറസിനെതിരെ മാസങ്ങള്‍ക്കുള്ളില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു.ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച്‌ റഷ്യന്‍ വാക്‌സിന്‍ രാജ്യത്തിന്റെ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നത് ഉടന്‍ ആസൂത്രണം ചെയ്യുമെന്ന് വ്യക്തമാക്കുന്നു. ഓഗസ്റ്റ് 11 നാണ് കോവിഡിനെതിരായ വാക്‌സിന്‍ കണ്ടുപിടിച്ചെന്ന് റഷ്യ ആദ്യമായി അവകാശപ്പെട്ടത്.

നേരത്തെ സ്പുട്‌നിക് വിയുടെ പരീക്ഷണം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും ഇതിനായുള്ള അനുമതി നേടേണ്ടതുണ്ടെന്നും ഇത് മെഡിക്കല്‍ വാച്ച്‌ഡോഗ് റോസ്ഡ്രാവ്‌നാഡ്സോറിന്റെ ലബോറട്ടറികളിലെ ഗുണനിലവാര പരിശോധന പാസാക്കണമെന്നും ദിവസങ്ങള്‍ക്കുള്ളില്‍, സെപ്റ്റംബര്‍ 10 നും 13 നും ഇടയില്‍, പൊതുജന ഉപയോഗത്തിനായി ഒരു ബാച്ച്‌ വാക്‌സിന്‍ പുറത്തിറക്കാന്‍ അനുമതി വാങ്ങണമെന്നും അതിനനുസരിച്ച്‌, ആ നിമിഷം മുതല്‍ ജനങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്നും റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ അസോസിയേറ്റ് അംഗം ഡെനിസ് ലോഗുനോവ് പറഞ്ഞിരുന്നു.