ഹൈദരാബാദ്: ആന്ധ്രയില്‍ പ്രതിദിന കോവിഡ് രോഗികളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 8368 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം പതിനായിരത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് ഇന്ന് കോവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെ എത്തിയത്. 24 മണിക്കൂറിനിടെ 70 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ അഞ്ചുലക്ഷം കടന്നു. 5,06,493 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 97,932 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 4,04,074 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ 4,487 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.