മോസ്കോ: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഇന്ത്യ ചൈന തര്‍ക്കത്തില്‍ പ്രശ്ന പരിഹാരത്തിനായി ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണ്. ചൈന ശക്തമായാണ് മുന്പോട്ട് പോവുന്നത്. തര്‍ക്ക പരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ അമേരിക്കയ്ക്ക് താത്പര്യം ഉണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേ സമയം അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്ന നിലപാട് കടുപ്പിച്ച് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.
വൈറ്റ്ഹൗസിലെ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണമുണ്ടായത്. അതേ സമയം ചൈനയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. രണ്ട് മണിക്കൂറും 20 മിനിറ്റും കൂടിക്കാഴ്ച നീണ്ടതായാണ് റിപ്പോര്‍ട്ട്.
മോസ്കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്ഹെ രാജ്നാഥ് സിങ്ങിനോട് സമയം ചോദിച്ചത്. ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. സൈനികപരിഹാരമല്ല നയതന്ത്ര പരിഹാരമാണ് ആവശ്യമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു.



