മോസ്കോ: റഷ്യയിലെ കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ ലോകത്തിന് ഏറെ പ്രതീക്ഷ നല്‍കുകയാണ്. ‘സ്പുട്നിക്-അഞ്ച് ‘ എന്ന കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ സന്നദ്ധപ്രവര്‍ത്തകരിലും രോഗപ്രതിരോധശേഷി ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്.

ഈ കഴിഞ്ഞ ജൂണ്‍- ജൂലായ് മാസങ്ങളിലായി 76 പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ മുഴുവന്‍ പേരിലും വൈറസിനെതിരായ ആന്റിബോഡികള്‍ വികസിക്കുന്നതായി കണ്ടെത്തി. ഇവര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലെന്നും ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. രണ്ട് ഘട്ടങ്ങളിലായി 42 ദിവസം നീണ്ടുനിന്ന പരീക്ഷണത്തിനൊടുവിലാണ് പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വാക്സിനുകളുടെ ഫലപ്രാപ്തിയും ദീര്‍ഘകാല സുരക്ഷയും ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും പഠനത്തില്‍ പറയുന്നു.

റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് ഗമേലയ സയന്റിഫിക് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയാണ് ‘സ്പുട്നിക്-അഞ്ച്’ വാക്സിന്‍ വികസിപ്പിച്ചത്. ‘സ്പുട്നിക്-അഞ്ച്’ കൊവിഡ് വാക്സിന്റെ ആഭ്യന്തര ഉപയോഗത്തിനായി കഴിഞ്ഞ മാസം റഷ്യ അനുമതി നല്‍കിയിരുന്നു.അതേസമയം വാക്സിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ചില ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നുണ്ട്.‌ മതിയായ വിവരങ്ങളുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം റഷ്യയുടെ വാക്സിന്‍ കുത്തിവയ്ക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു.