അജു വാരിക്കാട്

ഈ നവംബറിലെ വലിയ തിരഞ്ഞെടുപ്പിനായി മെയിൽ ഇൻ ബാലറ്റ് ആവശ്യമുള്ളവർക്ക് അപേക്ഷ സമർപ്പിക്കേണ്ടതിനുള്ള സമയപരിധി ഉടൻ അവസാനിക്കും.  ടെക്സസിലെ മെയിൽ വഴി നേരത്തെ വോട്ടുചെയ്യാൻ യോഗ്യത നേടുന്നതിന്, ഇനിപ്പറയുന്ന വിഭാഗങ്ങളിലൊന്നെങ്കിലും നിങ്ങൾ ഉൾപ്പെട്ടിരിക്കണം.

  1. 65 വയസോ അതിനു മുകളിലോ ആയവർ

  2. ഡിസ്ഏബിൾ ആയവർ (വൈകല്യം ഉള്ളവർ)

  3. തിരഞ്ഞെടുപ്പ് ദിവസവും ഏർളി വോട്ടിങ് സമയത്തും  വ്യക്തിപരമായി ഹാജരായി വോട്ടിങ് ചെയ്യാൻ സാധിക്കാത്ത തരത്തിൽ കൗണ്ടിക്കു പുറത്തായിരിക്കുന്ന ആൾ

  4. ജയിലിൽ ആയിരിക്കുന്ന ആൾ.

രജിസ്റ്റർ ചെയ്ത ടെക്സസ് വോട്ടർമാർ ബാലറ്റ് പേപ്പറിനായി അപേക്ഷ മെയിൽ വഴി സമർപ്പിക്കണം. നിങ്ങൾക്ക് വീട്ടിൽ തന്നെ ആപ്ലിക്കേഷൻ പ്രിന്റുചെയ്യാം, https://webservices.sos.state.tx.us/forms/5-15f.pdf

അല്ലെങ്കിൽ ബാലറ്റ് പേപ്പർ നിങ്ങൾക്ക് മെയിൽ ചെയ്ത് തരാൻ  അഭ്യർത്ഥിക്കാം. https://webservices.sos.state.tx.us/vrrequest/bbm.asp.

നിങ്ങൾ ആപ്ലിക്കേഷൻ പ്രിന്റ് ചെയ്യുകയാണെങ്കിൽ, അത് പൂരിപ്പിച്ച ശേഷം കവറിലാക്കി സ്റ്റാമ്പ് ഒട്ടിച്ചു പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് അയച്ചുകൊടുക്കുക.  നിങ്ങൾ ആപ്ലിക്കേഷൻ ഓൺലൈനായി ഓർഡർ ചെയ്തിട്ടുണ്ടെങ്കിൽ ആപ്ലിക്കേഷൻ നിങ്ങൾക്ക് അവർ മെയിൽ ചെയ്യും. പൂരിപ്പിച്ച ആപ്ലിക്കേഷൻ അവർ അയച്ചുതന്ന കവറിൽ സ്റ്റാമ്പ് ഒട്ടിച്ചു പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് അയച്ചുകൊടുക്കുക.

നിങ്ങളുടെ പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് പൂരിപ്പിച്ച അപേക്ഷ ഫാക്സ് ചെയ്യുകയോ അല്ലെങ്കിൽ പൂരിപ്പിച്ച അപേക്ഷയുടെ സ്കാൻ ചെയ്ത പകർപ്പ് ഇമെയിൽ  ചെയ്യുകയോ ആണ് അപേക്ഷ സമർപ്പിക്കാനുള്ള മറ്റ് മാർഗ്ഗങ്ങൾ. ടെക്സസ് കൗണ്ടി ഓഫീസുകളുടെയും അവയുടെ വിലാസങ്ങളും ഇമെയിൽ വിലാസങ്ങളും  ഫാക്സ് നമ്പറുകളും  താഴെ പറയുന്ന ലിങ്കിലുള്ള ലിസ്റ്റിൽ നിന്നും കണ്ടെത്താൻ കഴിയും.

https://www.sos.state.tx.us/elections/voter/county.shtml

ഒരു ആപ്ലിക്കേഷൻ ഫാക്സ് ചെയ്യുകയോ ഇമെയിൽ ചെയ്യുകയോ ചെയ്യുകയാണെങ്കിൽ, ആപ്ലിക്കേഷന്റെ ഒറിജിനൽ, ഹാർഡ് കോപ്പി നാലു ദിവസത്തിനുള്ളിൽ അയച്ചും കൊടുക്കണം.

മെയിൽ വഴി ബാലറ്റ് സ്വീകരിക്കുന്നതിനുള്ള അവസാന ദിവസം 2020 ഒക്ടോബർ 23 വെള്ളിയാഴ്ചയാണ്. വോട്ടു ചെയ്യാനുള്ള നിങ്ങളുടെ ബാലറ്റ് ലഭിക്കുമ്പോൾ, അതിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് വോട്ടു രേഖപ്പെടുത്തി അത് മടക്കി അയക്കുക.  വോട്ടു രേഖപെടുത്തിയ ബാലറ്റുകൾ നവംബർ 3 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക്  മുൻപ് പോസ്റ്റ്മാർക്ക് ചെയ്ത് അയച്ചിരിയ്ക്കണം. നവംബർ 4 വൈകുന്നേരം 5 മണിക്കുള്ളിൽ ബാലറ്റുകൾ ലഭിച്ചെങ്കിൽ മാത്രമേ വോട്ടു രേഖപ്പെടുത്തിയതായി കണക്കാക്കുകയൊള്ളു.