ചെന്നൈ സുപ്പര്‍ കിങ്സിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് സുരേഷ് റെയ്നക്ക് പിന്നാലെ വെറ്ററന്‍ സ്പിന്നര്‍ ഹര്ഭജന് സിങ്ങും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍) നിന്നും പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് ഇക്കുറി അറേബ്യന്‍ മണ്ണില്‍ അരങ്ങേറാന്‍ പോകുന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ നിന്നും പിന്മാറുന്നതെന്ന് ഹര്ഭജന് ചെന്നൈ മാനേജ്മെന്റിനെ അറിയിച്ചു.
ടീമിനൊപ്പം യു.എ.ഇയിലേക്ക് പറന്ന ശേഷം ആറുദിവസം ക്വാറന്റീനില്‍ കഴിഞ്ഞാണ് റെയ്ന മടങ്ങിയതെങ്കില്‍ ഭാജി ഇന്ത്യയില്‍ തന്നെയായിരുന്നു തുടര്‍ന്നത്. ചെന്നൈ ടീമില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ വാര്‍ത്തകള്‍.
സ്പിന്നര്‍മാരെ തുണക്കുന്ന യു.എ.ഇയിലെ പിച്ചുകളില്‍ ഹര്ഭജനെപ്പോലൊരു കളിക്കാരന്‍െറ അഭാവം ചെന്നൈക്ക് വലിയ തിരിച്ചടിയാകുമെന്ന് വേണം കരുതാന്‍.
കോവിഡ് സ്ഥിരീകരിച്ച ചെന്നൈ താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവായതായി ചില ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ രണ്ട് താരങ്ങളെ 14 ദിവസം ക്വാറന്റീനില്‍ പാര്‍പ്പിച്ച ശേഷം വീണ്ടും പരിശോധനക്ക് വിധേയമാക്കും. മൂന്നാം റൗണ്ട് കോവിഡ് പരിശോധനയും നെഗറ്റീവായതിന്െറ അടിസ്ഥാനത്തില്‍ ചെന്നൈ ടീം ഇന്ന് പരിശീലനം തുടങ്ങുമെന്നാണ് റിപോര്‍ട്ടുകള്‍.
കഴിഞ്ഞ ആഴ്ചയാണ് സി.എസ്.കെ സ്ക്വാഡിലെ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നാണ് ടീമിന്‍െറ പരിശീലനം വൈകിയത്. ആഗസ്റ്റ് 21നാണ് ടീം യു.എ.ഇയിലെത്തിയത്. ചെന്നൈ ഒഴികെയുള്ള ടീമുകളെല്ലാം ഇതിനോടകം പരിശീലനം തുടങ്ങിക്കഴിഞ്ഞു.
സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ജഴ്സിയില്‍ ചിലപ്പോള്‍ തന്നെ കണ്ടേക്കാമെന്ന സൂചന നല്കി റെയ്ന രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് വെബ്സൈറ്റായ ‘ക്രിക്ക് ബസി’ ന് നല്കിയ അഭിമുഖത്തിലാണ് മൗനം വെടിഞ്ഞ് താരം അഭിപ്രായം പറഞ്ഞത്.
വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് ഐ.പി.എല്‍ സീസണ് പൂര്‍ണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതെന്ന് റെയ്ന വ്യക്തമാക്കിയിരുന്നു.ചെന്നൈ സൂപ്പര്‍ കിങ്സ് ഉടമകളുമായി പ്രശ്നങ്ങളുണ്ടെന്ന പ്രചരണം തള്ളിയ താരം 12.5 കോടി രൂപ പ്രതിഫലം ആരെങ്കിലും വേണ്ടെന്ന് വെക്കുമോയെന്നും ചോദിച്ചു.



