ലഡാക്ക്: പാങ്ങ്‌ഗോങ്ങ് കുന്നുകളില്‍ കടന്നുകയറാനുള്ള നീക്കം പൊളിക്കുകയും ചൈനീസ് സൈന്യത്തെ തുരത്തി മലനിരകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ സൈന്യം കരുതലോടെ. പാങ്ങ്‌ഗോങ്ങ് കുന്നുകളില്‍ നിന്ന് തത്ക്കാലം മാറേണ്ടതില്ലെന്നാണ് സൈന്യത്തിന്റെയും പ്രതിരോധമന്ത്രാലയത്തിന്റെയും തീരുമാനം.

ആഗസ്ത് 29നും 30നും പാങ്ങ്‌ഗോങ്ങിലെ പാങ്ങ്‌ഗോങ്ങ് സോ, റിസാങ്ങ് ലാ,റിക്വിന്‍ ലാ, പ്‌സാങ്കുര്‍ ലാപ് എന്നീ കുന്നുകള്‍ പിടിച്ചടക്കാനാണ് ചൈനീസ് സേന ശ്രമിച്ചത്. നീക്കം മുന്‍കൂട്ടി കണ്ടെത്തിയ ഇന്ത്യന്‍ സൈന്യം ചൈനീസ് സേനയെ തുരത്തിയെന്നു മാത്രമല്ല ഈ മേഖലയില്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ഈ കുന്നുകളെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ സൈനികരുടെ നിയന്ത്രണത്തിലാണ്. സൈനികര്‍ക്കു പുറമേ ഇവിടങ്ങളില്‍ ഇന്ത്യ ആയുധങ്ങളും വിന്യസിച്ചു. അതിര്‍ത്തി മാറ്റിവരയ്ക്കാന്‍ ഇന്ത്യ ഒരു തരത്തിലും അനുവദിക്കില്ലെന്നും കൈയേറ്റം ചെറുക്കുക തന്നെ ചെയ്യുമെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ സംഘര്‍ഷം കടുത്ത സാഹചര്യത്തില്‍ സൈനിക തല ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. ഇന്നലെ രാവിലെ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടന്നു.

സംഘര്‍ഷം വീണ്ടും മുര്‍ച്ഛിച്ച സാഹചര്യത്തില്‍ നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തോട് ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശിച്ചു, ഇന്ത്യ-ചൈന, ഇന്ത്യ- നേപ്പാള്‍, ഇന്ത്യ – ഭൂട്ടാന്‍ അതിര്‍ത്തി രേഖകളില്‍ ജാഗ്രത പുലര്‍ത്താനാണ് അടിയന്തര സന്ദേശം. ചൈനീസ് അതിര്‍ത്തിയില്‍ പട്രോളിങ്ങ് ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനോടും സശസ്ത്ര സീമാ ബലിനോടും നിര്‍ദേശിച്ചു. ഉത്തരാഖണ്ഡ്, അരുണാചല്‍, ഹിമാചല്‍, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിലും നേപ്പാള്‍ അതിര്‍ത്തിയിലെ കാലാപാനിയിലും കാവല്‍ ശക്തമാക്കിയിട്ടുമുണ്ട്.