സെന്റ് ലൂയിസ്: സെന്റ് ലൂയിസ് സിറ്റിയില്‍ കേസ് അന്വേഷിക്കുന്നതിനെത്തിയ രണ്ടു പോലീസ് ഓഫിസര്‍മാര്‍ക്ക് നേരെ വെടിവയ്പ്പ്. അക്രമിയുടെ വെടിയേറ്റ് 29 വയസുള്ള ഒരു പോലീസ് ഓഫീസര്‍ മരിക്കുകയും മറ്റൊരു ഓഫീസറെ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി സെന്റ് ലൂയിസ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് ജോണ്‍ ഹെയ്ഡന് അറിയിച്ചു.

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സെന്റ് ലൂയിസ് സൗത്ത് ഗ്രാന്റ് നൈബര്‍ ഹുഡിന് സമീപമുള്ള ടവര്‍ ഗ്രോവ് പാര്‍ക്കിലെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി അവിടെയുള്ള അംഗങ്ങളെ തോക്ക് ചൂണ്ടി ബന്ദിയാക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ ഓഫീസര്‍മാര്‍ക്ക് നേരെ ഇയാള്‍ നിറയൊഴിച്ചു.
തലയ്ക്കു വെടിയേറ്റ ഓഫീസര്‍ റ്റാമറിസ് എല്‍ ബോഹനെ (29) ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ടാമത്തെ ഓഫീസറുടെ പരുക്ക് ഗുരുതരമല്ല. പന്ത്രണ്ടു മണിക്കൂറിനുശേഷമാണ് ബന്ദി നാടകം അവസാനിച്ചത്. തുടര്‍ന്നു പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. സെന്റ് ലൂയിസില്‍ മാത്രം ജൂണ്‍ 1നുശേഷം എട്ടു പൊലീസ് ഓഫീസര്‍മാര്‍ക്കാണ് ഡ്യൂട്ടിക്കിടെ വെടിയേറ്റതെന്ന് സിറ്റി പൊലീസ് ചീഫ് പറഞ്ഞു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്



