തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനം ഉണ്ടാകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ പഞ്ചായത്ത് തലത്തില്‍ നീക്കങ്ങള്‍ സജീവമാക്കുകയാണ് ജോസ് വിഭാഗം. ജോസഫിനൊപ്പം മറുകണ്ടം ചാടിയവരെ തിരികെ കൊണ്ടുവരികയെന്ന തന്ത്രവും ജോസ് വിഭാഗം പയറ്റുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിനെതിരെ ജോസഫ് വിഭാഗം നാളെ ഡല്‍ഹി ഹൈക്കോടതിയില്‍ തടസ്സവാദം ഉന്നയിച്ചേക്കും.
ബൂത്ത്, പഞ്ചായത്ത് തലത്തില്‍ ജോസഫിനൊപ്പം ചേക്കേറിയവരെ പുറത്തു ചാടിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ശ്രമം. രണ്ടിലയില്‍ മത്സരിച്ച് ജയിച്ച് പി ജെ ജോസഫിനൊപ്പം പോയ പഞ്ചായത്ത് മെമ്ബര്‍മാര്‍ അടക്കം തിരികെ മടങ്ങണമെന്ന് ജോസ് കെ മാണി പറയുന്നു. നിയമ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ പലരും മറിച്ചു ചിന്തിക്കാനും സാധ്യതയുണ്ട്.
ചിഹ്നം മരവിക്കപ്പെടും എന്ന് കണക്കു കൂട്ടിയ ജോസഫ് വിഭാഗം തിരിച്ചടിയെ മറികടക്കാനുള്ള ശ്രമത്തിലാണ്. അതേസമയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ ജോസഫ് വിഭാഗം നാളെ ഡല്‍ഹി ഹൈക്കോടതിയില്‍ തടസ്സവാദം ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ്. കമ്മീഷന് കണ്ടെത്തലില്‍ മൂന്ന് പേരില്‍ ഒരാള്‍ വിയോജിപ്പ് അറിയിച്ചു എന്ന വാദമാകും ഉന്നയിക്കുക. കട്ടപ്പന മജിസ്ട്രേറ്റ് കോടതി അടക്കമുള്ള കോടതികളില്‍ മുമ്ബ് അനുകൂല വിധിയുണ്ടായതും ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടും. ജോസ് കെ മാണി വിഭാഗം വിപ് ലംഘന പരാതി ഉയര്‍ത്തിയാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയിട്ടുള്ള രേഖകള്‍ വച്ചു ഖണ്ഡിക്കാന്‍ ആകും എന്ന വിശ്വാസത്തിലാണ് ജോസഫ് വിഭാഗം.



