അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജേക്കബ് ബ്ലേക്കിനെ പൊലീസ് വെടിവച്ച്‌ ഗുരുതരമായി പരുക്കേല്‍പ്പിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച വംശീയവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പൊലീസ് ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ട ശനിയാഴ്ച ‘ഏഴ് വെടിയുണ്ട ഏഴ് ദിവസം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് സമരക്കാര്‍ സംഘടിച്ചത്. ഏഴ് തവണയാണ് പൊലീസ് ബ്ലേക്കിനെ വെടിവച്ചത്. ശരീരം തളര്‍ന്ന ബ്ലേക്കിന് ഇനി എഴുന്നേറ്റ് നടക്കാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നീതിയില്ലെങ്കില്‍ സമാധനവുമുണ്ടാകില്ലെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പു നല്‍കി. സമരത്തില്‍ ബ്ലേക്കിന്റെ കുടുംബാംഗങ്ങള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ മണ്ടേല ബാര്‍ണ്‍സ് തുടങ്ങിയവരും ഭാഗമായി.തങ്ങള്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ഒപ്പം ദേഷ്യത്തിലുമാണ്. പക്ഷേ, നീതി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരിപാടി സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത ബ്ലേക്കിന്റെ കുടുംബസുഹൃത്തായ താന്യ മക്ലീന്‍ പറഞ്ഞു. പൊലീസ് അതിക്രമത്തിനും വ്യവസ്ഥാപിത വംശീയതയ്ക്കും ഒരു അവസാനം ഉണ്ടാകണം.

മിനിയാപൊളിസില്‍ ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകം നടന്ന് മൂന്നുമാസം പിന്നിടുംമുമ്ബാണ് വീണ്ടും കറുത്ത വംശജനായ ബ്ലേക്കിനെതിരെ അമേരിക്കന്‍ പൊലസീന്റെ ആക്രമണം ഉണ്ടാകുന്നത്.

കിനോഷ സന്ദര്‍ശിക്കാന്‍ ട്രംപ്
പ്രതിഷേധം ശക്തമാകുന്നതിനിടെ ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കെനോഷ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡെറേ പറഞ്ഞു. നിയമപാലകരുമായി കൂടിക്കാഴ്ച നടത്തുകയും പ്രതിഷേധത്തെതുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ട്രംപിന്റെ സന്ദര്‍ശനം സ്ഥിതിഗതികള്‍ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫെയ്സ്ബുക്കിന്റെ തെറ്റ്: സക്കര്‍ബര്‍ഗ്
ജേക്കബ് ബ്ലേക്കിനെ പൊലീസ് വെടിവച്ചതിനെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധത്തിനിടയില്‍ തോക്കുധാരികളായ ജനങ്ങള്‍ കിനോഷയിലേക്ക് പ്രവേശിക്കാന്‍ ആഹ്വാനംചെയ്ത പേജ് കഴിഞ്ഞ ആഴ്ച ആദ്യം നീക്കം ചെയ്യാതിരുന്നത് ഫെയ്സ്ബുക്കിന്റെ തെറ്റാണെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. കിനോഷയില്‍ നടന്ന പ്രതിഷേധത്തിനിടെ ഒരാള്‍ രണ്ടുപേരെ വെടിവച്ചുകൊന്ന സംഭവത്തിനുശേഷം ബുധനാഴ്ചമാത്രമാണ് ഫെയ്സ്ബുക്ക് പേജ് എടുത്തുമാറ്റിയത്.

ട്രംപ് അനുകൂലികളുടെ ആക്രമണം
ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെതുടര്‍ന്ന് മൂന്നുമാസമായി പ്രക്ഷോഭം നടക്കുന്ന പോര്‍ട്ട്ലാന്‍ഡില്‍ സംഘര്‍ഷം അഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയുടെ ഭാഗമായവര്‍ അറുന്നൂറോളം വാഹനത്തില്‍ എത്തിയാണ് പോര്‍ട്ട്ലാന്‍ഡിലെ ഒറിഗോണില്‍ ആക്രമണം നടത്തിയത്. ട്രംപിന്റെ പതാകയുമായി എത്തിയ ഇവര്‍ ജോര്‍ജ് ഫ്ലോയിഡിന് നീതിക്കായി സമരം ചെയ്തവരുമായി ഏറ്റുമുട്ടുകയായിരുന്നു. നിരവധി പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനിടെ ഉണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.