തിരുവനന്തപുരം: സ്കൂളുകള്‍ 2021 ജനുവരി മുതല്‍ സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണു കരുതുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. 500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. ഓരോ സ്കൂളിനും അഞ്ചു കോടി രൂപ വീതം മുടക്കി നിര്‍മിക്കുന്ന 35 സ്കൂള്‍ കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവില്‍ പണി തീര്‍ക്കുന്ന 14 സ്കൂള്‍ കെട്ടിടങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്കൂള്‍ കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കും. 250 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും.
എല്ലാ എല്‍പി സ്കൂളുകളും ഹൈടെക്ക് ആക്കാനുള്ള പരിപാടി കിഫ്ബി സഹായത്തോടെ പുരോഗമിക്കുന്നു. സ്കൂളുകള്‍ തുറക്കുന്പോള്‍ 11,400 സ്കൂളുകളില്‍ ഹൈടെക് കംപ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കും. കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ അഞ്ചുലക്ഷം കുട്ടികള്‍ക്ക് ലാപ്ടോപ്പുകള് എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി 100 ദിവസത്തിനുള്ളില്‍ വിതരണം ആരംഭിക്കും.18 കോടി രൂപയുടെ ചെങ്ങന്നൂര്‍ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.



