ബാഴ്‌സലോണ: ബാഴ്‌സലോണ വിടാനുള്ള തീരുമാനത്തില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി പിന്മാറില്ലെന്ന് ഉറപ്പായി. പ്രീ സീസണിന് മുന്നോടിയായുള്ള കൊറോണ പരിശോധനയ്ക്ക് മെസി എത്തിയില്ലെന്ന് ബാഴ്‌സലോണ ക്ലബ്ബ് അറിയിച്ചു. ഇന്ന് തുടങ്ങുന്ന പരിശീലന ക്യാമ്ബില്‍ നിന്നും മെസി വിട്ടു നില്‍ക്കുമെന്നാണ് സൂചന.

ബാഴ്‌സയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ലൂയി സുവാരസ്, ഇവാന്‍ റാകിടിച്ച്‌, ആര്‍തുറോ വിഡാല്‍, സാമുവല്‍ ഉംറ്റിറ്റി എന്നിവര്‍ അടക്കമുള്ള കളിക്കാര്‍ കൊറോണ പരിശോധനയ്ക്ക് ഹാജരായി. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ ശക്ഷിണത്തില്‍ ബാഴസ ഇന്ന് പരിശീലനം ആരംഭിക്കും.

ക്ലബ്ബിന്റെ പരിശീലന കേന്ദ്രത്തില്‍ ഇന്നലെ നടന്ന കൊറോണ പരിശോധനയില്‍ മെസി ഒഴിച്ചുള്ള കളിക്കാര്‍ പങ്കെടുത്തതായി ബാഴ്‌സ അധികൃതര്‍ പറഞ്ഞു.

അതേസമയം, കരാര്‍ അവസാനിക്കുന്നതിന് മുമ്ബ് മെസിയെ വിട്ടുനല്‍കാനായി ആരുമായി ചര്‍ച്ച നടത്തേണ്ടതില്ലെന്ന് മുന്‍ നിലപാട് ബാഴ്‌സ ആവര്‍ത്തിച്ചു. കഴിഞ്ഞയാഴ്ചയാണ് മെസി ബാഴ്‌സ വിടാനുള്ള തീരുമാനം ബാഴ്‌സയെ അറിയിച്ചത്. എന്നാല്‍ കരാര്‍ അവസാനിക്കുന്ന അടുത്തവര്‍ഷം ജൂണ്‍ വരെ മെസി ക്ലബ്ലില്‍ തുടരണമെന്നാണ് ബാഴ്‌സ ആഗ്രഹിക്കുന്നത്. മെസിയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് മറ്റ് ടീമുകളുമായി ചര്‍ച്ച നടത്തില്ലെന്നും ബാഴ്‌സ വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാഴ്‌സ വിടാന്‍ ആഗ്രഹിക്കുന്നതായി മെസി ക്ലബ്ബ് അധികൃതരെ ഫാക്‌സ് സന്ദേശത്തിലൂടെ അറിയിച്ചത്. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബര്‍തോമ്യൂ അടക്കമുള്ള ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് മെസി ബാഴ്‌സ വിടാന്‍ തീരുമാനിച്ചത്. മെസി ടീമില്‍ തുടരുന്നതിന് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് ബര്‍തോമ്യൂ അറിയിച്ചിട്ടും മെസി ക്ലബ്ബ് വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയിട്ടില്ല.

മെസിക്ക് ബാഴ്‌സയുമായി അടുത്ത വര്‍ഷം വരെ കരാറുണ്ട്. കരാറിലെ വ്യവസ്ഥ അനുസരിച്ച്‌ , മെസിയെ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്ന ടീം എഴുന്നൂറ് മില്യന്‍ യൂറോസ് ബാഴ്‌സയ്ക്ക് നല്‍കിയാല്‍ മെസിക്ക് ബാഴ്‌സയുടെ അനുമതി കൂടാതെ ക്ലബ്ബ് വിടാം. പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റി, ഫ്രഞ്ച് ലീഗ് ടീം പാരീസ് സെന്റ് ജര്‍മന്‍, സീരി എ ടീം ഇന്റര്‍ മിലാന്‍ എന്നിവ മെസിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.