ന്യൂഡല്‍ഹി: അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുന്ന മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പ്രണബ് മുഖര്‍ജി ഇപ്പോഴും ഡീപ് കോമ അവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശ്വാസകോശ അണുബാധയ്ക്കും തകരാറിലായ വൃക്കയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിനുമുള്ള ചികിത്സയാണ് നല്‍കിവരുന്നത്. രക്തസമ്മര്‍ദ്ദം, പള്‍സ് തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലാണെന്ന് ആര്‍മി റിസേര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രി വ്യക്തമാക്കിയിരുന്നു.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 10നാണ് പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.