ഡല്‍ഹി: ജെഇഇ-നീറ്റ് പരീക്ഷകള്‍ നീട്ടിവെക്കാനാകില്ലെന്ന സുപ്രീംകോടതി വിധി വീണ്ടും ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാറിന് അനുകൂലമായുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ആറ് സംസ്ഥാനങ്ങള്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്. പശ്ചിമ ബംഗാള്‍, ജാ൪ഖണ്ഡ്, രാജസ്ഥാന്, പഞ്ചാബ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്. വിദ്യാ൪ഥികളുടെ സുരക്ഷയും ഗതാഗത സൗകര്യവും കോടതി കണക്കിലെടുത്തില്ലെന്ന് ഹരജിക്കാ൪ പറയുന്നു.
പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 വിദ്യാര്‍ഥികള്‍ നല്കിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഇതിനെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.



