എങ്ങുമെത്താതെ പാതിവഴിയിൽപോലുമെത്താതെ നിൽക്കുന്ന ഫോമായുടെ മലപ്പുറം വില്ലേജ് പദ്ധതിയുടെ ഒരു അവലോകനം.
  • അജു വാരിക്കാട് 
ഏറ്റെടുത്ത പദ്ധതികൾ പാതി വഴിയിൽ ഉപേക്ഷിച്ചവരെ ദൈവം ശിക്ഷിക്കുമെന്ന് മലപ്പുറം പാർപ്പിട പദ്ധതിയിലൂടെ വീട് കിട്ടിയവർ പറയുന്നു. ഇനി കാര്യങ്ങളിലേക്ക് കടക്കാം,  

2018  ലെ മഹാപ്രളയത്തിൽ ദുരിതം അനുഭവിച്ചവർക്ക്  ഫോമായുടെ വക വീടുകൾ പണിത്  കൊടുക്കുവാനുള്ള പദ്ധതി പരിഗണനയിൽ വന്നപ്പോൾ, ആദ്യം തന്നെ ഒരു ഏക്കർ സ്ഥലം സൗജന്യമായി കൊടുത്ത് അമേരിക്കൻ മലയാളികളുടെ യശ്ശസ്സ് വാനോളം  ഉയർത്തിയത് ഒരു ഫ്ലോറിഡ സ്വദേശിയാണ്. മലപ്പുറം ജില്ലയിലെ, നിലമ്പൂർ താലൂക്കിൽ, അകമ്പടം വില്ലേജിലെ (ചാലിയാർ പഞ്ചായത്ത്) ഒരു ഏക്കർ കുന്നിൻ ചരിവ് സ്ഥലം, ഇതിനായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.  ഫോമായുടെ ഈ  വില്ലേജ് പദ്ധതിയുടെ നടത്തിപ്പിനായി  അനിയൻ ജോർജും (ചെയർമാൻ),  ഉണ്ണികൃഷ്ണനും  (കോർഡിനേറ്റർ), ജോസഫ് ഔസോയും  സ്വമേധയാ മുന്നോട്ട് വരികയും, ഫോമാ ഇവരെ ഈ  പദ്ധതിയുടെ നടത്തിപ്പുകാരായി അവരോധിക്കുകയും ചെയ്തു.  ഇവരുടെ നേതൃത്വത്തിൽ ഒരു വില്ലേജ്  പദ്ധതി കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.

പത്രമാധ്യമങ്ങളിൽ കൊട്ടിഘോഷിച്ച്‌  ആരവമുണ്ടാക്കി കൊണ്ടിരുന്നപ്പോഴും, മലപ്പുറത്തെ  പ്രസ്തുത സ്ഥലം ഫോമയുടെ പേരിലേക്കോ, വീട് കിട്ടിയ ഉടമസ്ഥരുടെയോ പേരുകളിലേക്കോ മാറ്റിയിരുന്നില്ല.  ചോദ്യങ്ങൾക്കുള്ള മറുപടികൾ  വൈകുംതോറും, സംശയങ്ങൾ കൂടി കൂടി  വരികയായിരുന്നു. ഈ പദ്ധതി പ്രദേശം പരിസ്ഥിതി ലോല പ്രദേശത്തിൽ ഉൾപ്പെടുന്നതാണോ? അവിടേക്കെത്താൻ വഴിയുണ്ടോ? വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യതയുണ്ടോ? വാഹനസൗകര്യം ലഭ്യമാണോ? ഈ വക ചോദ്യങ്ങൾക്കൊന്നും ഇതുവരെ ഉത്തരം അധികാരപ്പെട്ടവരിൽ നിന്ന് ഉത്തരം ലഭിച്ചിട്ടില്ല.
വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യത മുൻകൂട്ടി  ഉറപ്പുവരുത്തിയാലേ, പദ്ധതിയുടെ തുടർനടപടികളുമായി മുന്നോട്ടുപോകുവാൻ കഴിയുമായിരുന്നുള്ളൂ.  ഉപയോഗ  ശ്യൂന്യമായ  കുറെ ഏക്കർ സ്ഥലത്തിന്റെ ഒരു ചെറിയ ഭാഗം ഫോമാ വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ശേഷം, ബാക്കിയുള്ള ഭൂരിഭാഗം  സ്ഥലം വാസയോഗ്യമാക്കി, നല്ല വിലയ്ക്ക്  മറിച്ചു വിൽക്കുവാനുള്ള ഒരു ഉടമസ്ഥന്റെ ഗൂഢ തന്ത്രമായി മാത്രമേ ഇതിനെ ഇപ്പോൾ  കാണുവാനാകൂ. നിർഭാഗ്യവശാൽ, ഇക്കാര്യം എല്ലാം അറിയാവുന്ന ഫോമാ വില്ലേജ് പദ്ധതി കമ്മറ്റിക്കാർ ഈ വിവരം ആരെയും അറിയിച്ചിരുന്നില്ല.

വില്ലേജ് രേഖകൾ പ്രകാരം, ഈ സ്ഥലത്തിന്റെ കൈമാറ്റം  നടത്തിയിരിക്കുന്നത് ഈ കഴിഞ്ഞ ഡിസംബർ മാസത്തിൽ ആണ്. ഒന്നര ലക്ഷം രൂപാ  വീതം, ഓരോ വീടിനും ഇതുവരെ മുടക്കിയിട്ടുണ്ടന്നും, ഇനി കുറഞ്ഞതു വീടൊന്നിന്  അഞ്ചര ലക്ഷം കൂടി വേണ്ടി വരും എന്നാണ്   ഈ പണി തീരാത്ത  വീടുകൾ കിട്ടിയവർ അറിയിച്ചത്. ഫോമായുടെ  ഈ പദ്ധതിയുടെ എഗ്രിമെന്റ് കാലാവധി കഴിഞ്ഞെന്നും, ഈ പദ്ധതി പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുമെന്നും ആണ് ഇപ്പോൾ ഞങ്ങളുടെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. ഈ മലപ്പുറം പദ്ധതി ഒരു വലിയ തിരഞ്ഞെടുപ്പ് ക്യാംപയിൻ തന്ത്രമായി മാത്രമേ വിലയിരുത്തുവാൻ കഴികയുള്ളു. ഈ വില്ലേജ് പദ്ധതിയുടെ കമ്മറ്റിക്കാരായി നിന്നവരാണ് ഇപ്പോൾ  മത്സര രംഗത്തുള്ളത് ഒരു വസ്തുതയാണ്.. ഇത്രയും ചെറിയ ഒരു വില്ലേജ് പദ്ധതി ഈ രീതിയിൽ കൊണ്ടെത്തിച്ചതിന്   ആരാണ് ഉത്തരവാദികൾ? ഫോമയെ സ്നേഹിക്കുന്നവർ ഇത് അറിയണം എന്നാഗ്രഹിക്കുന്നു.

ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രങ്ങൾ ഞങ്ങളുടെ പ്രതിനിധി നിർദിഷ്ട സ്ഥലത്തുനിന്നും  ഇന്ന് നേരിട്ട് പകർത്തിയതാണ്.