ന്യൂഡല്‍ഹി| കോണ്‍ഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് നല്‍കിയ കത്തില്‍ ഒപ്പിട്ട മുതിര്‍ന്ന നേതാവ് ജിതിന്‍ പ്രസാദക്കെതിരായ നടപടിയില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. യു പിയിലെ പാര്‍ട്ടി നേതാക്കള്‍ ജിതിന്‍ പ്രസാദയെ ലക്ഷ്യം വെക്കുന്നത് നിര്‍ഭാഗ്യകരമാണ്. പാര്‍ട്ടിക്കെതിരെ പോരാടി സമയവും ഊര്‍ജവും പാഴാക്കുന്നതിന് പകരം ബി ജെ പിയെ പ്രതിരോധിക്കാന്‍ ഉപയോഗിക്കൂവെന്നും കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച് സോണിയക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ട പ്രവര്‍ത്തക സമിതി ക്ഷണിതാവ് ജിതിന്‍ പ്രസാദക്കെതിരെ നടപടി വേണമെന്നാണ് യു പിയിലെ ലഖിംപൂര്‍ യൂനിറ്റ് പ്രമേയം പാസ്സാക്കിയത്. കത്തില്‍ ഒപ്പിട്ട നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്തില്‍ കപില്‍ സിബലും മനീഷ് തിവാരിയും ഉള്‍പ്പെടെ 23 പേരാണ് ഒപ്പിട്ടിരുന്നത്.