ചെന്നൈ: വിഖ്യാതഗായകന്‍ എസ് പി ബാലസുഹ്രഹ്മണ്യം ബോധം വീണ്ടെടുത്തെന്നും പ്രിയപ്പെട്ടവരെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും മകന്‍ എസ് പി ചരണ്‍. കോവിഡ് ഗുരുതരാവസ്ഥയില്‍ നിന്ന് ആരോഗ്യം നേരിയ തോതില്‍ മെച്ചപ്പെട്ടതോടെ പാടാനും എഴുതാനും ശ്രമിച്ച്‌ ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യം. സംസാരിക്കാനാകുന്നില്ലെങ്കിലും ഐസിയുവില്‍ ഡോക്ടര്‍മാര്‍ വച്ചുകൊടുക്കുന്ന പാട്ടുകള്‍ കേട്ടു താളമിടാനും ഒപ്പം മൂളാനും ശ്രമിക്കുന്നുണ്ടെന്നു എസ്.പി.ചരണ്‍ അറിയിച്ചു. വിരലുകളില്‍ പേന ഉറയ്ക്കുന്നില്ലെങ്കിലും എഴുതാനും പരിശ്രമിക്കുന്നു. ദിവസവും പത്രംവായിച്ചു കേള്‍പ്പിക്കാന്‍ എംജിഎം ഹെല്‍ത് കെയര്‍ ആശുപത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

മുന്‍ ദിവസങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ബോധം വീണ്ടെടുത്തു. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും ഏറെ മെച്ചപ്പെട്ടു. ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ ആദ്യ സൂചനയാണിതെന്നും ഇനിയും പല ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാനുണ്ടെന്നുണാണു ഡോക്ടര്‍മാര്‍ അറിയിച്ചത്. വെന്റിലേറ്റര്‍ സഹായവും എക്മോ ചികില്‍സയും കോവിഡ് ചികില്‍സയും തുടരുകയാണെന്നും ചരണ്‍ പറഞ്ഞു.

അതേസമയം, അദ്ദേഹം ചികിത്സയോട് പ്രതികരിക്കുന്നതായി ചെന്നൈ എംജിഎം ആശുപത്രി എഡിഎംഎസ് അനുരാധ ഭാസ്കരനും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വിദഗ്ധസംഘം തന്നെയാണ് അദ്ദേഹത്തിന്‍റെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇപ്പോഴും അദ്ദേഹം വെന്‍റിലേറ്ററില്‍ത്തന്നെയാണ്. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം സാധാരണനിലയിലാക്കാന്‍ സഹായിക്കുന്ന എക്മോ എന്ന യന്ത്രത്തിന്‍റെ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നത്. നിലവില്‍ ആരോഗ്യനില അപകടകരമല്ല.