ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളായി ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവുണ്ടെന്നും മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പരിശോധന ഇരട്ടിയാക്കിയാതും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അടിയന്തരമായി ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അരവിന്ദ് കെജരിവാള്‍. തലസ്ഥാനത്തെ കോവിഡ്​ രോഗമുക്തി നിരക്ക്​ 90 ശതമാനത്തിലും കൂടുതലാണ്​. കോവിഡ്​ രൂക്ഷമായി ബാധിച്ച ഡല്‍ഹിയില്‍ മരണനിരക്ക്​ 1.4 ശതമാനമായി കുറഞ്ഞതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തുകയാണ്. 24 മണിക്കൂറിനിടെ 1693 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. അടുത്ത ദിവസങ്ങളില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

നിലവില്‍ പ്രതിദിനം 20,000 ടെസ്റ്റുകളാണ് നടത്തുന്നത്. ഇത് 40,000മാക്കി ഉയര്‍ത്തും. നിലവില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ആത്മവിശ്വാസത്തിലാണ്. എങ്കിലും കരുതലില്‍ ഒരു വീട്ടുവീഴ്ചയും കാണിക്കരുത്. മാസ്‌ക് ധരിക്കുന്നത് അടക്കമുളള കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് അരവിന്ദ് കെജരിവാള്‍ ഓര്‍മ്മിപ്പിച്ചു.