തിരുവനന്തപുരം: മാദ്ധ്യമങ്ങളിലൂടെ കമ്മിഷനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പി.എസ്.സി. കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് തസ്‌തികയിലേക്കുള്ള 38 ഒഴിവുകള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം മാറ്റിവച്ചിരിക്കെ അത് മറച്ചുവച്ച്‌ പി.എസ്.സിക്കെതിരെ ആക്ഷേപം ഉന്നയിച്ചവര്‍ക്ക് എതിരെയാണ് നടപടി. സര്‍ക്കാര്‍ പി.എസ്.സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്‌തിട്ടും അവ പൂഴ്‌ത്തിവയ്ക്കുന്നുവെന്നായിരുന്നു പി.എസ്.സിയ്‌ക്ക് എതിരായ പ്രചാരണം. വ്യാജ പ്രചാരണങ്ങള്‍ നടത്തിയ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുപ്പ് നടപടികളില്‍ നിന്ന് വിലക്കുമെന്നാണ് പി.എസ്.സി വിശദീകരണം. വിലക്ക് കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മിഷന്‍ അറിയിച്ചു. വിശദ അന്വേഷണത്തിന് പി.എസ്.സി വിജിലന്‍സിനെ ചുമതലപ്പെടുത്തി.

ആരോഗ്യവകുപ്പിലെ ജനറല്‍ ഫിസിയോതെറാപ്പിസ്റ്റ്, ആയുര്‍വേദ കോളേജിലെ ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്‌തികകളുടെ ഒ.എം.ആര്‍ പരീക്ഷയില്‍ പരീക്ഷ കേന്ദ്രം മാറ്റി നല്‍കാത്തതിനാല്‍ പി.എസ്.സിക്കെതിരെ ഒരു പറ്റം ഉദ്യോഗാര്‍ത്ഥികള്‍ ഗൗരവതരമായ ആരോപണം ഉന്നയിക്കുകയാണെന്നും കമ്മിഷന്‍ പറയുന്നു. പി.എസ്.സിയില്‍ നേരിട്ട് പരാതി നല്‍കാന്‍ സംവിധാനം ഉണ്ടെന്നിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ ആക്ഷേപമുന്നയിക്കുകയാണ്. പരീക്ഷ കേന്ദ്രം തിരുവനന്തപുരം ആയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര മാറ്റത്തിന് ഗൂഗിള്‍ സ്‌പ്രെഡ്ഷീറ്റ് വഴി അപേക്ഷിക്കാന്‍ കഴിയുന്നവിധത്തില്‍ ഒരു സമാന്തര സംവിധാനം ഉദ്യോഗാര്‍ത്ഥികള്‍ രൂപപ്പെടുത്തിയിരിക്കുകയാണെന്നാണ് പി.എസ്.സി പറയുന്നത്. ഇവര്‍ക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കാന്‍ ഇന്റേണല്‍ വിജിലന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തിയെന്നും