രാജ്കോട്ട് : ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ വിളിക്കാനാവില്ലെന്ന് പറഞ്ഞ ഭാര്യയെ വീട്ടിലെത്തിയ സന്ദര്‍ശകന്‍ കുത്തിക്കൊന്നു. ഗുജറാത്തിലെ മോര്‍ബിയിലെ രാംനിക് ഫുല്‍ട്ടാറിയയുടെ ഭാര്യ കാഞ്ചന്‍ ഫുല്‍ട്ടാറിയ(44)യാണ് കുത്തേറ്റ് മരിച്ചത്. അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച 20 വയസ്സുകാരിയായ മകള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

മന്ത്രവാദിയായ രാംനിക്കിനെ കാണാനെത്തിയ വിക്രം ഫുള്‍ട്ടാറിയ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് ശേഷമാണ് വിക്രം രാംനിക്കിനെ കാണാനായി
എത്തിയത്. എന്നാല്‍ ഭര്‍ത്താവ് ഉറങ്ങുകയാണെന്നും അല്പസമയം കഴിഞ്ഞ് വരാനും കാഞ്ചന്‍ പറഞ്ഞു. ഇത് കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്ന വിക്രം ഭര്‍ത്താവിനെ വിളിച്ച്‌ എഴുന്നേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ചതോടെയാണ് കാഞ്ചനെ ആക്രമിച്ചത്.

വീടിന് മുന്‍വശത്തിട്ട് കാഞ്ചനെ കുത്തിവീഴ്ത്തിയ വിക്രം തടയാനെത്തിയ മകളെയും ആക്രമിച്ചു. പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ രാജ്കോട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാഞ്ചന്‍ മരിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.