മലയാളി അസോസിയേഷൻ ഓഫ് ഗ്രെറ്റർ ഹ്യുസ്റ്റണിന്റെ അർദ്ധ വാർഷിക പൊതുയോഗം ആഗസ്റ്റ് 22 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കേരളാ ഹൌസിൽ വച്ച് എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചു കൊണ്ട് നടത്തപ്പെട്ടു. ട്രഷറർ ജോസ് കെ ജോൺ കടന്നു വന്ന എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും തുടർന്ന് ബോർഡ് മെമ്പർ ബാബു ചാക്കോയുടെ മാതാവ് കേരളത്തിൽ മരണമടഞ്ഞതിലും സ്റ്റാഫ്ഫോർഡ് സിറ്റി മേയർ ലിയോനാർഡ് സ്കാർസെല്ലയുടെ മരണത്തിലും അനുശോചനം രേഖപ്പെടുത്തുകയും അതോടൊപ്പം കോവിഡ് പ്രതിസന്ധിയിൽ കേരളത്തിലും അമേരിക്കയിലും ജീവൻ പൊലിഞ്ഞ എല്ലാ മലയാളികളോടുമുള്ള ആദരസൂചകമായി അര മിനിറ്റ് നേരം എല്ലാവരും എഴുന്നേറ്റു നിന്ന് ആദരാഞ്ജലികൾ അർപ്പിച്ചു.
അതിനു ശേഷം ആറു മാസത്തെ റിപ്പോർട്ട് സെക്രട്ടറി മാത്യൂസ് മുണ്ടക്കലും കണക്ക് ട്രസ്റ്റി ജോസ് കെ ജോണും അവതരിപ്പിച്ചു. തുടർന്ന് പ്രസിഡന്റ് ഡോ. സാം ജോസഫ് നവംബർ 3ന് നടക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ മലയാളികൾക്കും ഇന്ത്യൻ വംശജർക്കും വിജയാശംസകൾ നേർന്നു. പൊതു രംഗത്തു പ്രവർത്തിക്കുന്ന മലയാളികളെ തേജോവധം ചെയ്യുന്ന തരത്തിലുള്ള പ്രവണതകൾ അവസാനിപ്പിക്കണം എന്നും ക്രിയാത്മകമായ വിമർശനങ്ങളിലൂടെ തിരുത്തലുകൾ ആവശ്യമുള്ളടത്ത് ഇടപെടാൻ ശ്രമിക്കണം എന്നും ഉദ്ബോധിപ്പിച്ചു.
മാഗിന്റെ വസ്തുവിന്മേലുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടതിനു ഒരു പുതിയ കമ്മറ്റി രൂപികരിക്കാൻ പൊതുയോഗം അംഗീകരിച്ചു. മാഗിന്റെ ചാരിറ്റി ഫണ്ടിലൂടെ കേരളത്തിലോ അമ്മേരിക്കയിലോ ഉള്ള അർഹതപ്പെട്ട വ്യക്തികൾക്കോ കുടുംബങ്ങൾക്കോ സഹായം നൽകുന്നതിനായി അപേക്ഷകൾ സ്വീകരിക്കുവാനും സാമ്പത്തീക സഹായം നൽകുവാനും യോഗം തീരുമാനിച്ചതായി അറിയിച്ചു. ഇതിനായി പുതിയൊരു കമ്മറ്റിയെ യോഗം ചുമതലപ്പെടുത്തി.
ഒരു പുതിയ ഇൻഡോർ ബാസ്ക്കറ്റ് ബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട് എന്നിവ നിർമ്മിക്കുന്നതിനായി ഫണ്ട് റെയ്സിങ് ചെയ്യണമെന്നും അതിനായി റാഫിൾ നടത്താനുമുള്ള കമ്മറ്റിയുടെ തീരുമാനം പൊതുയോഗത്തെ അറിയിച്ചതനുസരിച്ചു പൊതുയോഗം അംഗികരിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായി.. ഒന്നാം സമ്മാനം ടൊയോട്ടാ കോറോളാ നൽകുമെന്നും പൊതുയോഗം അറിയിച്ചു.
കോവിഡ് പ്രതിസന്ധി ഇന്നും നിലനിൽക്കുന്നതിനാൽ ഇപ്പോഴുള്ള ഭരണസമിതിക്കു ഒരു വർഷം കൂടി കാലാവധി നീട്ടി നൽകണം എന്ന അഭിപ്രായം അംഗങ്ങൾ ഉന്നയിച്ചപ്പോൾ ഈ വിഷയം അജണ്ടയിൽ ഇല്ലാത്തതിനാൽ ഇപ്പോൾ ഈ വിഷയത്തിൽ ചർച്ചയുടെ ആവശ്യമില്ലെന്നും പ്രസിഡന്റ് ഡോ. സാം ജോസഫ് പറഞ്ഞു. ആവശ്യമെങ്കിൽ കമ്മറ്റിയുടെ അംഗീകാരത്തോടെ മറ്റൊരു പൊതുയോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യാമെന്നും പ്രസിഡന്റ് കൂട്ടി ചേർത്തു.
കേരളാ ഹൌസിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്ന പായ്ക്കർ റോഡ് ഇൻഡിപെൻഡൻസ് റോഡുമായി യോജിപ്പിക്കണം എന്നു 2017ൽ സാം ജോസഫ് കൗണ്ടിക്കു നൽകിയ അപേക്ഷയിന്മേൽ ഫോർട്ട് ബെൻഡ് കൗണ്ടിയും മിസ്സോറി സിറ്റിയും അനുകൂലമായ തീരുമാനം എടുത്തതിലുള്ള നന്ദി മാഗ് ഔദ്യോഗികമായി രേഖപ്പെടുത്തി. ഇതോടൊപ്പം തന്നെ മാഗിന്റെ വെബ് സൈറ്റ് അപ്ഡേറ്റ് ചെയ്തതായി പ്രസിഡന്റ് അറിയിക്കുകയും ചെയ്തു. തുടർന്ന് സെക്രട്ടറി മാത്യൂസ് മുണ്ടക്കൽ നന്ദി രേഖപ്പെടുത്തി.
അജു വാരിക്കാട്



