ദുബൈ | യു എ ഇയില്‍ കൊ വിഡ് രണ്ടാം വ്യാപനത്തിന് സാധ്യത. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട നിരവധി ഉദ്യോഗസ്ഥര്‍ ആശങ്ക പങ്കുവെച്ചു. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നു നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് അല്‍ ഹുസന്‍ അല്‍ ശംസി പറഞ്ഞു.
വൈറസ് പടരാതിരിക്കാനുള്ള കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ ആളുകള്‍ പാലിക്കണം. മഹാമാരി അവസാനിച്ചിട്ടില്ലെന്നു ഓര്‍ക്കണം. യുഎഇ നിവാസികള്‍ പ്രതിരോധ നടപടികളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രണ്ടാമത്തെ പൊട്ടിത്തെറിയുടെ വക്കിലെത്തും,” ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം വ്യാപനം കണ്ടെത്തിയ പ്രദേശങ്ങളില്‍ ദേശീയ അണുനശീകരണ പദ്ധതി വീണ്ടും നടക്കും.
കഴിഞ്ഞ രണ്ടാഴ്ചയായി രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ അധികൃതര്‍ അലംഭാവം കാണിക്കരുതെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പൊതുജനങ്ങളോടും ആവശ്യപ്പെട്ടു.
മാസ്‌കുകള്‍ ധരിക്കുക, ഒത്തുചേരലുകള്‍ ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ നിര്‍ബന്ധമാണ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുഎഇ നിവാസികളുടെ തിരിച്ചുവരവ് കേസുകളുടെ വര്‍ധനവിന് കാരണമായി ആരോഗ്യ അധികൃതര്‍ വിലയിരുത്തുന്നത്.
രാജ്യത്ത് കൊവിഡ് -19 അണുബാധകള്‍ വര്‍ധിക്കുന്നതില്‍ പ്രധാന ഘടകമാണ് താമസക്കാരുടെ മടങ്ങിവരവ്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലെ അലംഭാവവും ഇതിനോട് ചേര്‍ക്കണം. രോഗ വാഹകരുടെ എണ്ണത്തില്‍ വര്‍ധന പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



