റിയാദ് : സൗദി അറേബ്യയില്‍ വീട് തകര്‍ന്ന് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ജിദ്ദയിലെ റുവൈസ് ഡിസ്ട്രിക്റ്റില്‍ കാലപ്പഴക്കം ചെന്ന മൂന്ന് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയാണ് തകര്‍ന്നുവീണത്. 12 പേര്‍ക്ക് പരിക്കേറ്റു. രാത്രി 10.30ഓടെയാണ് അപകടം സംബന്ധിച്ച് സുരക്ഷാ ഓപ്പറേഷന്‍സ് സെന്ററില്‍ വിവരം ലഭിച്ചതെന്ന് മക്ക സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്മാന് അല്‍ ഖറനി അറിയിച്ചു.
സിവില്‍ ഡിഫന്‍സ് സംഘവും രക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 15 പേരെ പുറത്തെടുത്തു. ഇവരില്‍ മൂന്ന് പേര് സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. മറ്റുള്ളവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് അധികൃതര്‍ അറിയിച്ചു.