സോള്‍| ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ അബോധാവസ്ഥയിലാണെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളുടെ റിപോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഉത്തര കൊറിയ പുറത്തു വിട്ട കിം ജോംഗിന്റെ ചിത്രങ്ങള്‍ വ്യാജമാണെന്നും സഹോദരി കിം യോ ജോംഗ് ആണിപ്പോള്‍ സുപ്രധാന ഭരണ ചുമതലകള്‍ വഹിക്കുന്നതെന്നും ദക്ഷിണ കൊറിയയുടെ മുന്‍ പ്രസിഡന്റ് കിം ദായ് ജംഗിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന ചാംഗ് സോംഗ് മിന് പറഞ്ഞതായാണ് റിപോര്‍ട്ടുകള്‍.
കോമയിലാണെങ്കിലും അദ്ദേഹത്തിന്റെ ജീവന് നഷ്ടപെട്ടിട്ടില്ല. ദേശീയ, അന്താരാഷട്ര കാര്യങ്ങളുടെ നിയന്ത്രണം ഇപ്പോള്‍ ഉന്നിന്റെ സഹോദരിയുടെ പക്കലാണ്. ഭരണചുമതല വഹിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ രോഗം മൂലം അവശരാകുകയോ അല്ലെങ്കില്‍ അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയോ ചെയ്താലല്ലാതെ ഉത്തര കൊറിയന്‍ ഭരണാധികാരികള്‍ ഭരണ നിയന്ത്രണം മറ്റൊരാളെ ഏല്‍പ്പിക്കില്ല.ഭരണാധികാരിയുടെ മരണത്തെക്കുറിച്ച് ഏതാനും അഴ്ചകളായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നതോടെയാണ് വെളിപ്പെടുത്തലുമായി ചാംഗ് സോംഗ് രംഗത്തെത്തിയത്.
ഭരണ കൈമാറ്റത്തിനുള്ള പൂര്‍ണ ഘടനക്ക് രൂപമായിട്ടില്ലെന്നും ഭരണതലവനില്ലാതെ ദീര്‍ഘകാലം മുന്നോട്ടു പോകില്ലെന്നതിനാല്‍ കിം യോ ജോംഗിനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞതായി കൊറിയ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. അധികാരം പങ്കിടുന്നതിന് ഏറ്റവും അടുപ്പമുള്ളവരെ ഉള്‍പ്പെടുത്തി കിം ജോംഗ് ഉന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് കരുതപ്പെടുന്നതായി ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സി പറയുന്നു.
അതേസമയം, കിം ജോംഗ് ഉന്‍ മരിച്ചെന്ന് വിശ്വസിക്കുന്നതായി രാജ്യം സന്ദര്‍ശിച്ച റോയ് കാലിയെന്ന മാധ്യമപ്രവര്ത്തകന് പറഞ്ഞു. ഉന്നിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അവ്യക്തത തുടരുന്നത് രാജ്യത്ത് വലിയ ഭരണമാറ്റങ്ങള്‍ വരുന്നതിന് മുന്നോടിയാകാമെന്നും അദ്ദേഹം വ്യക്തമാക്കി.



