കൊച്ചി: ജയിലിലായ ഭര്‍ത്താവിന്റെ മോചനം വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്തെന്ന ആരോപണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

മൂവാറ്റുപുഴ പായിപ്ര സ്വദേശി മുഹമ്മദ് അസ്ലം മൗലവി, കാഞ്ഞിരപ്പള്ളി സ്വദേശി ബിജിലി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. മുവാറ്റുപുഴ സ്വദേശിനി അനീഷ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ റൂറല്‍ ക്രൈംബ്രാഞ്ചാണ് ഇരുവരേയും പിടികൂടിയത്. പ്രതികളെ 27വരെ റിമാന്‍ഡ് ചെയ്തു.

ഖത്തറില്‍ ജയിലിലായ ഭര്‍ത്താവിനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് അനീഷയില്‍ നിന്ന് പ്രതികള്‍ പണം തട്ടിയത്. 2018ല്‍ നടന്ന തട്ടിപ്പില്‍ വഞ്ചനാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഖത്തറില്‍ കോണ്‍ട്രാക്ടറായ അനീഷയുടെ ഭര്‍ത്താവ് സാമ്ബത്തിക പ്രതിസന്ധിയില്‍പ്പെട്ട് ജയിലിലാകുന്നത്. ഭര്‍ത്താവിനെ പുറത്തിറക്കാനായി 2018ല്‍ പല ഘട്ടങ്ങളിലായാണ് അനീഷ ഒന്നേകാല്‍ കോടി രൂപ സമാഹരിച്ച്‌ പ്രതികള്‍ക്ക് നല്‍കിയത്.

പിന്നീട് തട്ടിപ്പ് ബോധ്യപ്പെട്ടതോടെ കഴി;ഞ്ഞ വര്‍ഷമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പലവട്ടം ഖത്തറില്‍ പോകാന്‍ പണം ചെലവഴിച്ചുവെന്നും അനീഷയുടെ ഭര്‍ത്താവിനെ പുറത്തിറക്കാനായി പലര്‍ക്കും പണം കൈമാറിയെന്നുമാണ് പ്രതികളുടെ മൊഴി. ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജിവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.