കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുവായ പ്രിയ വേണുഗോപാലില്‍ നിന്നും സിബിഐ മൊഴി രേഖപ്പെടുത്തി. ബാലഭാസ്ക്കറിന്‍്റെ മരണത്തില്‍ പ്രിയയും ദുരൂഹത ഉന്നയിച്ചിരുന്നു. ബാലഭാസ്കറിന്‍്റെ സുഹൃത്തും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയോട് ഇന്ന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ബാലഭാസ്കറിന്‍്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണ കള്ളക്കടത്ത് സംഘത്തിന്‍്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്കറിന്‍്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവര്‍ അര്‍ജ്ജുനെ മറയാക്കി സ്വര്‍ണ കള്ളക്കടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. കേസില്‍ ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെയും സാക്ഷിയായ കലാഭവന്‍ സോബിയുടെയും മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു.