ഏഥന്‍സ്: ഗ്രീസില്‍ അവധി ആഘോഷിക്കനെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍ അറസ്റ്റില്‍. ഗ്രീസിലെ വിനോദ സഞ്ചാര ദ്വീപായ മൈകോനോസില് ബാറിനു വെളിയില്‍ അടിപിടി കൂടിയതിനും പോലീസിനെ ആക്രമിച്ചതിനുമാണ് മഗ്വയറെ അറസ്റ്റ് ചെയ്തത്.
മഗ്വയറും സഹോദരനും സുഹൃത്തും അര്‍ധരാത്രിയില്‍ ഒരു ബാറിന് പുറത്ത് ബ്രിട്ടീഷ് വിനോദസഞ്ചാരികളുമായി അടിപിടി കൂടുകയായിരുന്നു. ബാര്‍ ജീവനക്കാര്‍ പോലീസിനെ വിളിച്ചതോടെ ഇവരില്‍ ഒരാളെ മഗ്വയറും സംഘവും ആക്രമിക്കുകയും ചെയ്തു. പോലീസിന്റെ പിടിയില്‍നിന്നും രക്ഷപെടാനും പ്രതികള്‍ ശ്രമിച്ചതായും പറയുന്നു. സംഭവം അറിഞ്ഞു എന്നും ഇതില്‍ ഇപ്പോള്‍ പ്രതികരണം നടത്തുന്നില്ല എന്നും ക്ലബ് അറിയിച്ചു. മഗ്വയര്‍ ഗ്രീക്ക് പോലീസുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.
യൂറോപ്പ ലീഗ് സെമി ഫൈബലില് സെവിയയോട് തോറ്റ് പുറത്തായതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സീസണ് അവസാനിച്ചിരുന്നു. ഒരാഴ്ചത്തെ അവധി ആഘോഷിക്കാന്‍ വേണ്ടി ആയിരുന്നു മഗ്വയര്‍ ഗ്രീസില്‍ എത്തിയത്.



