ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ക്രിക്കറ്റ് ആരാധകരും താരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. കോവിഡുണ്ടാക്കിയ ആഘാതം അവസാനിക്കുന്നതിന് മുമ്ബാണ് കുട്ടിക്രിക്കറ്റ് പൂരം നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഏറെ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് ഐപിഎല്‍ യുഎഇയില്‍ നടത്താന്‍ തീരുമാനമായത്. സെപ്റ്റംബര്‍ ഒമ്ബതിന് ആരംഭിക്കുന്ന ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി പല ടീമുകളും വ്യാഴാഴ്ച മുതല്‍ യുഎഇയില്‍ എത്തി തുടങ്ങി. യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്ബ് ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങള്‍ ഹോം ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയിരുന്നു.
സാധാരണ എല്ലാ വര്‍ഷവും ടൂര്‍ണമെന്റിന് മുന്നോടിയായി ചെന്നൈ ഹോം ഗ്രൗണ്ടില്‍ പരിശീലനത്തിന് ഇറങ്ങാറുണ്ട്. അപ്പോഴെല്ലാം ആരാധകര്‍ക്കും താരങ്ങളെ അടുത്തുകാണാന്‍ അവസരം ലഭിക്കാറുമുണ്ട്. തിങ്ങിനിറഞ്ഞ ഗ്യാലറിക്ക് പകരം ഒഴിഞ്ഞ കസേരകളാണ് ഇത്തവണ താരങ്ങളെ സ്വീകരിച്ചത്. എങ്കിലും ആവേശത്തിന് ഒട്ടും കുറവ് വരുത്താന്‍ ധോണിയും സംഘവും തയ്യാറായിരുന്നില്ല.
നേരത്തെ തന്നെ ചെന്നൈയിലെത്തിയ ധോണിക്കും റെയ്നയ്ക്കും പുറമെ കേദാര്‍ ജാദവ്, പിയൂഷ് ചൗള തുടങ്ങിയ മുതിര്‍ന്ന താരങ്ങളും പരിശീലനത്തിനിറങ്ങി. ഇത്തവണയും ധോണിയുടെ ബോളിങ് പരിശീലന ക്യാമ്ബിനെ ത്രസിപ്പിച്ചു. ഒപ്പം പിച്ച് ഔട്ട് ചെയ്തുള്ള തകര്‍പ്പന്‍ സിക്സറും.
അമ്മയ്ക്ക് അസുഃഖം ഗുരുതരമായതിനാല്‍ ഹര്‍ഭജന്‍ സിങ് ഇതുവരെ ടീമിനൊപ്പം ചേര്‍ന്നട്ടില്ല. പല വിദേശ താരങ്ങളും നേരിട്ട് യുഎഇയിലേക്ക് എത്തുകയാകും ചെയ്യുക. നേരത്തെ ചെന്നൈ ക്യാമ്ബിലെത്തിയ ശേഷമാണ് ധോണിയും റെയ്നയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.



