കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ആദ്യം ഷൂട്ടിങ് നടത്തിയ ചിത്രങ്ങളിലൊന്നാണ് ‘സീ യൂ സൂണ്‍’. മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രമാണ് ‘സീ യൂ സൂണ്‍’. ഒ ടിടി സേവനമായ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.

ഫഹദിനെ കൂടാതെ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവര്‍ ശ്രദ്ധേയമായ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. സിനിമയുടെ ട്രെയിലര്‍ ഉടന്‍ ആമസോണ്‍ വഴി റിലീസ് ചെയ്യും.

ലോക്ക്ഡൗണിന് ശേഷം ‘സീ യു സൂണ്‍’ പോലെയുള്ള സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രൊഡ്യൂസേഴ്സ് അസോഡിയേഷന്‍ രംഗത്തെത്തിയിരുന്നു. ചിത്രീകരണം ആരംഭിക്കുന്നവരുമായി ഭാവിയില്‍ സഹകരിക്കില്ലെന്നും തിയേറ്റര്‍ റിലീസ് ഉണ്ടാകില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അന്ന് പ്രഖ്യാപിച്ചിരിന്നു.

‘ടേക്ക് ഓഫ്’, ‘മാലിക്ക്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

റിലീസിനൊരുങ്ങിയിരിക്കുന്ന മാലിക്ക് നിലവില്‍ തീയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ റിലീസ് ചെയ്യാതെ വെച്ചിരിക്കുകയാണ്. ‘മാലിക്ക്’ എന്ന സിനിമ 2011 മുതല്‍ തന്റെയും ഫഹദിന്റെ ആലോചനയിലുള്ള സിനിമയാണ്. ഇത്രയും വലിയ ബജറ്റില്‍ സിനിമ തുടങ്ങിയത് തന്നെ മലയാള സിനിമയ്ക്ക് കേരളത്തിന് അകത്തും പുറത്തും ലഭിക്കുന്നൊരു മാര്‍ക്കറ്റ് കണ്ടിട്ടാണ്. തങ്ങളുടെ കഴിഞ്ഞ സിനിമയായ ‘ടേക്ക് ഓഫിന്’ കേരളത്തിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത് ജി സി സിയില്‍ നിന്നുമാണ്. അത്തരമൊരു ബിസിനസ്സ് ‘മാലിക്കി’നും കണ്ടിരുന്നു. അതുകൊണ്ട് തന്നെ നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നിട്ട് മാത്രമേ ‘മാലിക്കി’ന്റെ റീലീസിനെ കുറിച്ച്‌ ചിന്തിക്കാന്‍ സാധിക്കുകയുള്ളു എന്ന് മഹേഷ് നാരായണ്‍ ഏഷ്യവില്ലിനോട് പറഞ്ഞിരുന്നു.