മോസ്‌കോ: കോവിഡ് വാക്‌സിന്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കാനൊരുങ്ങി റഷ്യ. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായി 40,000 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. അതേസമയം രണ്ടുമാസം നീണ്ടുനിന്ന മനുഷ്യരിലെ പരീക്ഷണങ്ങള്‍ ഫലപ്രദമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നതെങ്കിലും അതിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിനെ ഓര്‍മിപ്പിക്കുന്ന സ്പുട്‌നിക് അഞ്ച് എന്നാണ് റഷ്യ തങ്ങളുടെ വാക്‌സിന് പേരിട്ടിരിക്കുന്നത്.