കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മാവൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെട്ട മുഹമ്മദ് ബഷീര്‍ ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മരിച്ച മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്ബോള്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. വെറും 6 ദിവസം കൊണ്ട് 10,523 രോഗികളും 53 മരണവുമാണ് കേരളത്തിലുണ്ടായത്. മരണങ്ങളുടെ 58 ശതമാനവും പുതിയ കാല്‍ലക്ഷത്തിലധികം രോഗികളും സംസ്ഥാനത്തുണ്ടായത് ഈ മാസത്തിലാണ്. അടിയന്തിരഘട്ടം മറികടക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഐസിയു പരിശീലനം നല്‍കും. രോഗികളുടെ എണ്ണത്തില്‍ സെപ്റ്റംബറോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കുത്തനെയുള്ള വര്‍ധനവ് നേരത്തേയാകുമെന്ന ആശങ്ക ജനിപ്പിക്കുകയാണ് കണക്കുകള്‍.