വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യന്‍ വംശജ കമല ഹാരിസ്(55) അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. അമേരിക്കയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് കമല ഹാരിസ് പറഞ്ഞു. അമേരിക്ക തൊഴില്‍ നഷ്ടത്തിന്റെയും ജീവനഷ്ടത്തിന്റെയും രാജ്യമായി. ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും അവര്‍ പറഞ്ഞു.
ഏഷ്യന്‍-ആഫ്രിക്കന്‍ പാരന്പര്യമുള്ള ഒരു വനിത ഈ പദവിയില്‍ മത്സരിക്കുന്നത് ഇതാദ്യമാണ്. ചെന്നൈ സ്വദേശിനിയായ ഡോ.ശ്യാമള ഗോപാലന് ആണു കമലയുടെ അമ്മ. പിതാവ് ജമൈക്കയില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ ഡോണള്‍ഡ് ഹാരിസ്.
കലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്റര്‍ ആണ് കമല. ധീരയായ പോരാളി എന്നാണു ജോ ബൈഡന് കമലയെ വിശേഷിപ്പിച്ചത്. ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ അമേരിക്കയില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് കമലയുടെ സ്ഥാനാര്‍ഥിത്വം ഡെമോക്രാറ്റിക് പാര്‍ട്ടിക്കു ഗുണകരമാകുമെന്നാണു വിലയിരുത്തല്‍.
ട്രംപിന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെതിരേയാണ് കമല മത്സരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ വനിതകള്‍ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ല. 2008ല്‍ റിപ്പബ്ലിക് പാര്‍ട്ടിയുടെ സാറാ പെയ്ലിന്, 1984ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജെറാള്‍ഡിനോ ഫെറാരോ എന്നീ വനിതകള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016ല്‍ പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹില്ലരി ക്ലിന്റണ് പരാജയപ്പെട്ടു.
ഇന്ത്യന്‍, ആഫ്രിക്കന്‍ വംശജര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വോട്ട് ബാങ്കാണ്. നവംബര്‍ മൂന്നിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ 13 ലക്ഷം ഇന്ത്യന്‍ വംശജര്‍ക്ക് വോട്ടവകാശമുണ്ട്. പെന്‍സില്‍വാനിയയില്‍ രണ്ടു ലക്ഷവും മിഷിഗണില്‍ 1.25 ലക്ഷവും ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരുണ്ട്. രണ്ടു സംസ്ഥാനങ്ങളും നിര്‍ണായകമാണ്.



