ന്യൂഡല്‍ഹി : കൊവിഡ് മഹാമാരിയ്ക്കെതിരെ പോരാടാന്‍ അമേരിക്ക 100 വെന്റിലേറ്ററുകള്‍ കൂടി ഇന്ത്യയ്ക്ക് കൈമാറി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് വെന്റിലേറ്ററുകള്‍ കൈമാറുന്ന വിവരം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. യു.എസ് നിര്‍മിതമായ ഈ വെന്റിലേറ്ററുകള്‍ ഏറെ കാര്യക്ഷമവും വളരെ വേഗം വിന്യസിക്കാന്‍ കഴിയുന്നവയുമാണെന്നും വൈറസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ഇവ അത്യന്തം ഉപകരിക്കുമെന്നും യു.എസ് എംബസി അറിയിച്ചു. യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ( യു.എസ്.എ.ഐ.ഡി ) വഴി യു.എസ് സര്‍ക്കാര്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെയും സഹകരണത്തോടെ എത്തിക്കുന്ന രണ്ടാമത്തെ ബാച്ച് വെന്റിലേറ്റര്‍ ആണിത്.
വെന്റിലേറ്ററുകള്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ സാധിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് പിന്തുണ അറിയിച്ചുകൊണ്ട് രോഗചികിത്സയ്ക്ക് ഏറ്റവും അത്യാവശ്യമായ വെന്റിലേറ്ററുകള്‍ നല്‍കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിജ്ഞാബദ്ധത നിറവേറ്റിയതായും യു.എസ് അംബാസിഡര്‍ കെന്നത്ത് ജസ്റ്റര്‍ പറഞ്ഞു. വെന്റിലേറ്ററുകള്‍ക്ക് പുറമേ, ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ അനുബന്ധ ഘടകങ്ങളായ ട്യൂബ്, ഫില്‍ട്ടര്‍ തുടങ്ങിയവയ്ക്കുള്ള പ്രത്യേക സഹായ പാക്കേജും നല്‍കുന്നതായി ജസ്റ്റര്‍ പ്രസ്ഥാവനയിലൂടെ അറിയിച്ചു.
ജൂണ്‍ 14നാണ് യു.എസില്‍ നിന്നും 100 വെന്റിലേറ്ററുകള്‍ അടങ്ങുന്ന ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. ഡല്‍ഹി എയിംസിലെ എട്ടിടങ്ങളിലേക്കാണ് ഈ വെന്റിലേറ്ററുകള്‍ വിന്യസിച്ചത്. ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്ന 200 വെന്റിലേറ്ററുകള്‍ ആരോഗ്യ മേഖലയില്‍ ഇന്ത്യ – യു.എസ് സഹകരണത്തെയും കൊവിഡ് മഹാമാരിയ്ക്കെതിരെ യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഇന്ത്യയ്ക്ക് നല്‍കുന്ന പിന്തുണയേയും അടിസ്ഥാമാക്കിയുള്ളതാണെന്ന് യു.എസ് എംബസിയുടെ പ്രസ്ഥാവനയില്‍ പറയുന്നു. കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് പ്രത്യേക പരിശീലന പദ്ധതികള്‍ നടത്തുന്നുണ്ട്.



