ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി സഭയിലെ കൊച്ചി ഭദ്രാസനത്തില്‍പ്പെട്ട മുളന്തുരുത്തി മാര്‍തോമന്‍ പള്ളിയില്‍ ഓഗസ്റ്റ് 17 തിങ്കളാഴ്ച വെളുപ്പിന് ഇരുളിന്‍റെ മറവില്‍ ഗേറ്റ് തകര്‍ത്ത് പോലീസ് പള്ളിക്കകത്ത് പ്രവേശിക്കുകയും അഭിവദ്യ മെത്രാപോലീത്താമാരേയും വന്ദ്യ വൈദികരേയും സ്ത്രീകളടങ്ങുന്ന വിശ്വാസ സമൂഹത്തേയും മര്‍ദ്ദിക്കുകയും ക്രൂരമായി വലിച്ചിഴക്കുകയും പള്ളി പിടിച്ചെടുക്കുകയും ചെയ്ത നിര്‍ഭാഗ്യകരമായ സംഭവത്തില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സില്‍ ശക്തമായ ഉല്‍കണ്ഠ രേഖപ്പെടുത്തി.
പുരാതനമായി തങ്ങളുടെ പൂര്‍വികരാല്‍ സ്ഥാപിതമായതും തലമുറകളായി കാത്തുപരിപാലിച്ചുവരുന്നതുമായ ആരാധനാലയങ്ങളെ വിട്ടൊഴിഞ്ഞ് സത്യവിശ്വാസത്തില്‍ തങ്ങള്‍ക്ക് ആരാധന നടത്തുന്നതിനുള്ള അവസരം നിഷേധിക്കുകയെന്ന ഒരു പൗരന്‍റെ മൗലികാവശകാശത്തെപോലും മാനിക്കാതിരിക്കുകയും ചെയ്യുന്ന നടപടിക്കെതിരേ യാക്കോബായ വിശ്വാസികള്‍ നടത്തുന്ന സഹനസമരത്തിന് അമേരിക്കന്‍ മലങ്കര അതിഭദ്രാസനം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഭദ്രാസന സെക്രട്ടറി ഫാ. പോള്‍ തോട്ടക്കാട്ട് അറിയിച്ചു.
ക്രൈസ്തവ മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാതെ കോവിഡിന്‍റെ ഈ പ്രത്യേക പശ്ചാത്തലത്തില്‍ പോലും സാമൂഹിക സുരക്ഷിതത്വമോ മാനുഷിക പരിഗണനയോ ഇല്ലാതെ, സ്വന്തം സഹോദരന്‍റെ ആരാധനാലയങ്ങളെ പിടിച്ചെടുക്കുകയെന്ന എതിര്‍വിഭാഗത്തിന്‍റെ ഹീനമായ നിലപാടിനെ ഭദ്രാസന കൗണ്‍സില്‍ അപലപിച്ചു.
തലമുറകളായി തങ്ങള്‍ കൈമാറി വന്നതും അനുഷ്ഠിച്ചു വരുന്നതുമായ വിശ്വാസാചാരങ്ങളെ പരിരക്ഷിക്കുവാന്‍ സാധിക്കാതെ തങ്ങളുടെ ആരാധനാലയങ്ങള്‍ വിട്ടൊഴിഞ്ഞ് പോകേണ്ടി വരുന്നതില്‍, മനംനൊന്ത്, വേദദനയനുഭവിക്കുന്ന മലങ്കരയിലെ നമ്മുടെ സഹോദരങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതിനും മലങ്കര സുറിയാനി സഭ ഇന്ന് നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയില്‍ നിന്നും ശാശ്വതമായ ഒരു പരിഹാരമുണ്ടാകുന്നതിനും സത്യവിശ്വാസം സംരക്ഷിക്കപ്പെടുന്നതിനുമായ സഭാംഗങ്ങള്‍ ഏവരും പ്രാര്‍ഥിക്കണമെന്നും ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്താ വിശ്വാസകളെ ഉദ്ബോധിപ്പിച്ചു.



