ഒരു വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞ ഭാര്യയുടെ ഓര്‍മകളില്‍ ബിജു നാരായണന്‍. കഴിഞ്ഞ ആഗസ്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ശ്രീലതയുടെ വിടവാങ്ങല്‍. 44-ാം വയസില്‍ കാന്‍സര്‍ ബാധയെ തുടര്‍ന്നാണ് ശ്രീലത മരിക്കുന്നത്. പ്രിയപ്പെട്ടവളുടെ മരണമെന്ന സത്യത്തോട് ഇതുവരെ പൊരുത്തപ്പെടാന്‍ ആയിട്ടില്ല ബിജുവിനും മക്കള്‍ക്കും.
ശ്രീലതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകള്‍ കോര്‍ത്തിണക്കി കൊണ്ടായിരുന്നു ട്രിബ്യൂട്ട് വീഡിയോ ഒരുക്കിയത്. പശ്ചാത്തലത്തില്‍ ഭാര്യയുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ശ്രീലതയുടെ അവസാന നാളുകളിലെ ചിത്രവും വീഡിയോയിലുണ്ടായിരുന്നു. ബിജു നാരായണന്‍ ഒരുക്കിയ ട്രിബ്യൂട്ട് വിഡിയോ ആരാധകര്‍ക്ക് നൊമ്ബരക്കാഴ്ചയായി. വീഡിയോയ്ക്കൊപ്പം പ്രിയതമയെ കുറിച്ച് ബിജു നാരായണന്‍ കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. “ഒരിക്കലും അണയാത്ത ദീപമായി നീയെന്നന്തരാത്മാവിലെന്നും,” എന്നാണ് ശ്രീലതയെ ഓര്‍ത്ത് ബിജു നാരായണന്‍ കുറിക്കുന്നത്.
“ശ്രീ വിട്ടുപോയിട്ട് ഒരു വര്‍ഷം തികയുന്നു. ശ്രീ… ഇതു നിനക്കുവേണ്ടിയുള്ള എന്റെ സ്നേഹാഞ്ജലിയാണ്. ശ്രീയുടെ ചെറുപ്പകാലത്തെ ചിത്രം മുതല്‍ ഞങ്ങള്‍ക്കൊപ്പമുള്ള അവളുടെ അവസാനദിനങ്ങളിലെ ഫോട്ടോകള്‍ അടക്കം ഉപയോഗിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തില്‍ അവളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ എസ്.പി.ബിയുടെ അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ഗാനവും,” വിഡിയോ പങ്കുവച്ചുകൊണ്ട് ബിജു നാരായണന്‍ കുറിച്ചു.
പത്ത് വര്‍ഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും വിവാഹം. എറണാകുളം മഹാരാജാസ് കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് ഇരുവരും. പ്രീഡിഗ്രി കാലത്ത് തന്നെ ഗായകനെന്ന രീതിയില്‍ ഏറെ പ്രശസ്തനായിരുന്ന ബിജു നാരായണന്‍, യൂണിവേഴ്സിറ്റി മത്സരങ്ങളിലെ മിന്നും താരമായിരുന്നു.
“ഒരുപാട് ആരാധികമാരുണ്ടായിരുന്നെങ്കിലും ബിജുവിന്റെ പ്രണയം ശ്രീലതയോടായിരുന്നു. മഹാരാജാസില്‍ എല്ലാവര്‍ക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നെന്നും താനായിരുന്നു പലപ്പോഴും അവരുടെ പ്രണയത്തിലെ ഹംസമായി പിണക്കങ്ങള്‍ തീര്‍ക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതെന്നും,” ബിജു നാരായണന്റെയും ശ്രീലതയുടെയും പ്രണയകാലം ഓര്‍ത്ത് നടനും ബിജു നാരായണന്റെ ക്ലാസ്മേറ്റുമായ ടിനി ടോം പറഞ്ഞതിങ്ങനെ.
കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ആഗസ്ത് 13നാണ് ശ്രീലത മരിക്കുന്നത്. ശ്വാസകോശസംബന്ധിയായ കാന്‍സര്‍ നാലാമത്തെ സ്റ്റേജില്‍ വൈകിയാണ് തിരിച്ചറിഞ്ഞത്.



