രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എംഎസ് ധോണി കളത്തിലിറങ്ങുന്നതും കാത്തരിക്കുകയാണ് ആരാധകര്‍. സെപ്റ്റംബറില്‍ യുഎഇയില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈയ്ക്ക് വേണ്ടി ധോണി കളത്തിലിറങ്ങുമ്ബോള്‍ ബോളര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍സഹതാരം കൂടിയായ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് തവണ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി. എട്ട് തവണയാണ് ധോണിയുടെ മഞ്ഞപ്പട ഐപിഎല്‍ ഫൈനല്‍ കളിച്ചത്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ ടോപ് സ്കോററായിരുന്ന ധോണി ഇത്തവണയും കളത്തിലിറങ്ങുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. തനും വളരെയധികം ആവേശത്തിലാണെന്ന് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്.

രാജ്യാന്തര ക്രിക്കറ്റിന്റെ ഭാരമെല്ലാം ഒഴിഞ്ഞ ധോണി യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാകും ഐപിഎല്‍ കളിക്കുക എന്ന് ഇര്‍ഫാന്‍ പത്താന്‍ പറയുന്നു. “ഐപിഎല്ലിലേക്ക് വരുമ്ബോള്‍ എന്നെ പോലെ വിരമിച്ച താരങ്ങള്‍ ഉള്‍പ്പടെ ധോണിക്ക് പന്തെറിയാന്‍ അത്ര ഇഷ്ടപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. കാരണം അദ്ദേഹം മികച്ച ഫോമിലായിരിക്കും.”

“ഞാന്‍ അതിനായി കാത്തിരിക്കുകയാണ്, എല്ലാ ബോളര്‍മാരും ശ്രദ്ധിക്കുക. സി‌എസ്‌കെക്ക് വേണ്ടി കളിക്കുമ്ബോള്‍, അവന്‍ അത് ആസ്വദിക്കുന്നു. ഒരു ബാറ്റ്സ്മാന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ മികച്ച പ്രകടനം പുറത്തെടുക്കുന്നു.” ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

തനിക്ക് സാധ്യമായതെല്ലാം രാജ്യത്തിന് നല്‍കിയതിന്റെ സംതൃപ്തിയോടെ നീല ജേഴ്സി അഴിക്കുന്ന ധോണിയില്‍ നിന്നും ഇനിയും കൂടുതല്‍ ചെന്നൈ പ്രതീക്ഷിക്കുന്നുണ്ട്. ബാറ്റ്സ്മാന്‍, വിക്കറ്റ് കീപ്പര്‍, നേതാവ്, ഉപദേഷ്ടാവ്, അതിലെല്ലാം ഉപരി സി‌എസ്‌കെക്ക് ധോണി അവരുടെ മുഖം തന്നെയാണ്. 39കാരനായ ധോണിയെന്ന ക്രിക്കറ്ററിന് ഈ പ്രായം ഒരു ശരത്കാലമായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങളും, ഏത് പ്രതിസന്ധി ഘട്ടങ്ങളിലും റണ്‍സ് കണ്ടെത്തുന്നതിനുള്ള ആര്‍ജ്ജവവും, ഏത് വിജയലക്ഷ്യവും പിന്തുടര്‍ന്ന് ജയിക്കാമെന്ന വിശ്വാസവും മതി ചെന്നൈയ്ക്ക്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ ടോപ്പ് സ്കോററായിരുന്നു ധോണി.

ചെന്നൈയ്ക്ക് ധോണിയല്ലാതെ തകര്‍പ്പന്‍ അടിക്കാരാരും ടീമിലില്ല. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്ക് ഒന്നിലധികം വെടിക്കെട്ട് താരങ്ങളുള്ളപ്പോള്‍ ചെന്നൈ ധോണിയെ എത്രത്തോളം ആശ്രയിക്കുന്നു എന്ന് മനസിലാക്കാം.

അടുത്ത മൂന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണുകളിലും എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനു (സി എസ് കെ) വേണ്ടി കളിക്കുമെന്ന് ടീം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) വിശ്വനാഥന്‍ പറഞ്ഞിരുന്നു. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ 2020-യില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സി എസ് കെയുടെ ക്യാപ്റ്റനുമായ ധോണി കളിക്കുമെന്നതില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടെന്നും ഇന്ത്യാടുഡേയോടാണ് സിഇഒ പറഞ്ഞു.