പൊന്നാനി: വൈദ്യുതാഘാതമേറ്റ് കെഎസ്‌ഇബി ജീവനക്കാരന്‍ മരിച്ചു. കപ്പൂര്‍ പഞ്ചായത്ത് കൊള്ളന്നൂര്‍ ഞാവളുംകാട് ഒപി അശോകന്‍ (46) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.

അയല്‍വീട്ടിലേക്ക് സര്‍വ്വീസ് വയര്‍ ശരിയാക്കുന്നതിനായി വൈദ്യുതി കാലില്‍ കയറുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു.സുരക്ഷിതത്വം കണക്കിലെടുത്ത് കയറുപയോഗിച്ച്‌ ബന്ധിച്ചിരുന്നതിനാല്‍ താഴെവീണില്ല. തുടര്‍ന്ന് നാട്ടുകാര്‍ വൈദ്യുതി ഓഫ് ചെയ്ത് അശോകനെ ഉടനെ തന്നെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.