ചെന്നൈ: തമിഴ്നാട്ടിലെ ഹിന്ദി ഭാഷാ വിവാദത്തില്‍ പ്രതികരണവുമായെത്തിയ ബി.ജെ.പി സെക്രട്ടറി എച്ച്.രാജയുടെ വാദങ്ങള്‍ പൊളിയുന്നു. വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഡി.എം.കെ എം.പി കനിമൊഴി നല്‍കിയ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് രാജ ആരോപിച്ചിരുന്നു.
ഹിന്ദി സംസാരിക്കാന്‍ കഴിയുന്ന കനിമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയതെന്നായിരുന്നു രാജ പറഞ്ഞത്. മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാലിെന്റ പ്രസംഗം 1989 ല്‍ ഹിന്ദിയില്‍ നിന്ന് തമിഴിലേക്ക് വിവര്‍ത്തനം ചെയ്തത് കനിമൊഴിയാണെന്നും രാജ പറഞ്ഞിരുന്നു.
വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജയുടെ വാദങ്ങള്‍ക്കെതിരെ രംഗത്തെത്തിയതോടെ പ്രശ്‌നത്തില്‍ പുതിയ വഴിത്തിരിവായി. ഹരിയാന കേഡറിലെ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.ജി. ദേവസഹായം രാജയുടെ അവകാശവാദം തെറ്റാണെന്ന് പറഞ്ഞു. മുന്‍ ഉപപ്രധാനമന്ത്രിയുടെ സംസാരം വിവര്‍ത്തനം ചെയ്തത് താനാണെന്ന് അദ്ദേഹം പറയുന്നു.
ദേവിലാല്‍ ഹരിയാന മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നാഗര്‍കോവില്‍ സ്വദേശിയായ ദേവസഹായം അവിടെ വിവിധ പദവികള്‍ വഹിച്ചിരുന്നു. ദേവിലാല്‍ 1989 ഡിസംബര്‍ ആദ്യ വാരം ഉപപ്രധാനമന്ത്രിയായി ചുമതലയേറ്റു. തുടര്‍ന്ന് അദ്ദേഹം തമിഴ്‌നാട് സന്ദര്‍ശിക്കാനെത്തി.
കര്‍ഷക നേതാവ് നാരായണസാമി നായിഡുവിെന്റ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോയമ്ബത്തൂരിനടുത്തുള്ള കര്‍ഷക റാലിയില്‍ പങ്കെടുക്കാനും മുഖ്യമന്ത്രി കരുണാനിധിയുമായി സംസ്ഥാനത്തിന് ഭക്ഷ്യധാന്യങ്ങള്‍ അധികമായി അനുവദിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമായിരുന്നു ദേവിലാലിെന്റ വരവ്.
‘വോളന്‍ററി റിട്ടയര്‍മെന്‍റ് എടുത്ത ഞാന്‍ ചെന്നൈയില്‍ താമസിച്ചിരുന്നതിനാല്‍ ദേവിലാല്‍ അദ്ദേഹത്തോടൊപ്പം മീറ്റിംഗുകളിലും ചടങ്ങുകളിലും പങ്കെടുക്കാന്‍ എന്നോട് ആവശ്യെപ്പടുകയായിരുന്നു. തുടര്‍ന്ന് ദേവിലാല്‍ നടത്തിയ ഹിന്ദി പ്രസംഗങ്ങള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തത് താനാണ്’- ദേവസഹായം പറഞ്ഞു.
ഈ സംഭവം നടന്നപ്പോള്‍ കനിമൊഴി രാഷ്ട്രീയത്തില്‍ പ്രവേശിച്ചിട്ടില്ലെന്നും ഒരു തരത്തിലും അവരെ ഇതുമായി ബന്ധിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.സംഭവത്തില്‍ പ്രതികരണവുമായി കനിമൊഴിയും രംഗത്ത് വന്നിട്ടുണ്ട്. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച അവര്‍ ഹിന്ദിയില്‍ നിന്ന് തമിഴിലേക്ക് താന്‍ ഒരു നേതാവിെന്റയും പ്രസംഗം വിവര്‍ത്തനം ചെയ്തിട്ടില്ലെന്ന് പറഞ്ഞു.
‘ഞാന്‍ തമിഴും ഇംഗ്ലീഷും മാത്രമേ പഠിച്ചിട്ടുള്ളൂ. അല്ലെങ്കിലും എനിക്ക് ഹിന്ദി അറിയുമോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തവുമല്ല. ഹിന്ദി സംസാരിക്കാനുള്ള കഴിവിനെ ഒരാളുടെ ദേശീയ സ്വത്വവുമായി താരതമ്യം ചെയ്യുന്നത് ഏതുനിലയിലും വലിയ അപമാനമാണ്’-അവര്‍ പറഞ്ഞു.



