വെള്ളരിക്കുണ്ട് ബളാല്‍ ആന്‍മേരി കൊലക്കേസില്‍ പ്രതി ആല്‍ബിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് കോടതിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് പ്രതിയെ പൊലീസ് ഹാജരാക്കിയത്. രാവിലെ പൊലീസ് പ്രതിയെ വിഷം വാങ്ങിയ കടയിലും സംഭവം നടന്ന വീട്ടിലുമെത്തിച്ച്‌ തെളിവെളുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ മാസം 31നാണ് ആല്‍ബിന്‍ കുടുംബാംഗങ്ങള്‍ക്ക് വിഷം കലര്‍ത്തിയ ഐസ്‌ക്രീം നല്‍കിയത്.

ഐസ്‌ക്രീം കഴിച്ച്‌ അവശനിലയിലായ സഹോദരി ആന്‍മേരി ആഗസ്ത് 5ന് മരിക്കുകയായിരുന്നു. അച്ഛന്‍ ബെന്നി അതിവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ച്‌ മാത്രം ഐസ്‌ക്രീം കഴിച്ച അമ്മ ബെസ്സിയുടെ നില ഗുരുതരമല്ല. വീട്ടുകാരെ കൊന്ന് കുടുംബ സ്വത്ത് സ്വന്തമാക്കി കാമുകിക്കൊപ്പം ആഢംബര ജീവിതം നയിക്കുകയായിരുന്നു ആല്‍ബിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.