ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ് ഫോഴ്‌സ് യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ “Feed Starving Children’ എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ വഴി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി. കോവിഡ് മഹാമാരി വരുത്തിവെച്ച പട്ടിണിയും ദാരിദ്ര്യവും മൂലം ലക്ഷക്കണക്കിനു ജനങ്ങള്‍ മരിക്കാനിടയുണ്ടെന്നു മുന്നറിയിപ്പ് നല്‍കുന്ന നിരവധി പഠന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ലോകത്ത് എവിടെയും വിശന്നു വലയുന്നവര്‍ക്ക് ഒരു കൈത്താങ്ങായി എത്തിച്ചുകൊടുക്കുന്ന സൗജന്യ ഭക്ഷണം പായ്ക്ക് ചെയ്യുന്ന എഫ്.എം.എസ്.സി എന്ന സ്ഥാപനത്തില്‍ ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ് ഫോഴ്‌സ് യുവജന വിഭാഗത്തിന്റെ ചെയര്‍മാന്‍ കാല്‍വിന്‍ കവലയ്ക്കലിന്റെ നേതൃത്വത്തില്‍ ബ്രയാന്‍ കുരിയച്ചിറ, തരുണ്‍ പാറയ്ക്കല്‍ എന്നിവര്‍ പായ്ക്കിംഗിനു നേതൃത്വം നല്‍കി.
സുമനസുകളുടെ സംഭാവനകൊണ്ട് വോളണ്ടിയേഴ്‌സ് സ്വന്തമായി പായ്ക്ക് ചെയ്ത് എഫ്.എം.എസി.സിയുമായി ഉടമ്പടിയുള്ള 70-ഓളം രാജ്യങ്ങളിലെ കുട്ടികള്‍ക്ക് ദിവസവും സൗജന്യമായി ഭക്ഷണം നല്‍കി വിശപ്പകറ്റുന്ന ഈ പദ്ധതിയില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ വളരെ സംതൃപ്തരാണെന്ന് ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ് ഫോഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു.
ഫോമ 2020-22 കാലയളവിലേക്ക് യൂത്ത് റപ്രസന്റേറ്റീവ് ആയി മത്സരിക്കുന്ന കാല്‍വിന്‍ കവലയ്ക്കലിനു ഫോം സെന്‍ട്രല്‍ റീജീയന്റെ എല്ലാ വിജയാശംസകളും നേരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ജോയിച്ചന്‍ പുതുക്കുളം