ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വെള്ളിയാഴ്ച രാവിലെ 130.5 അടിയായി. അണക്കെട്ട് പ്രദേശത്ത് വ്യാഴാഴ്ച 198.4 മില്ലിമീറ്റര്‍ മഴ ഒറ്റദിവസം പെയ്തു. തേക്കടി മേഖലയില്‍ 152.2 മില്ലിമീറ്ററായിരുന്നു മഴ ലഭിച്ചത് . വെള്ളിയാഴ്ച രാവിലെവരെ സെക്കന്‍ഡില്‍ 17,000 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത് .
ജലനിരപ്പ് 136 അടി ആകുന്നമുറയ്ക്ക് പെരിയാറ്റിലേക്ക് വെള്ളം തുറന്നുവിടണമെന്നാണ് കേരളത്തിന്റെ ആവശ്യം. എങ്കില്‍മാത്രമേ അപകടം ഒഴിവാക്കാന്‍ കഴിയൂ. ഇക്കാര്യമുന്നയിച്ച് തമിഴ്നാട് അധികൃതര്‍ക്ക് കത്തുനല്‍കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി .
ജലനിരപ്പ് ഉയര്‍ന്നാല്‍ പെരിയാര്‍തീരത്തുനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും . കേന്ദ്ര ജലകമ്മിഷന്റെ നിയന്ത്രണത്തിലുള്ള ഡാമായിട്ടും മുല്ലപ്പെരിയാറിന് ഇതുവരെ ഷട്ടര്‍ പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കിയിട്ടില്ല. തമിഴ്നാടാണ് ഇത് തയ്യാറാക്കേണ്ടത്. ഇതുമൂലം ജലനിരപ്പ് അടിസ്ഥാനമാക്കി എപ്പോള്‍ ഡാം തുറക്കണം എന്നതില്‍ കൃത്യമായ മാനദണ്ഡവുമില്ല. കേരളം കത്ത് നല്കിയാലും തമിഴ്നാട് അവര്‍ക്ക് തോന്നുമ്ബോഴാണ് വെള്ളം തുറന്നുവിടുന്നത്.



