മുംബൈ | ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച ചില പാരിതകളില്‍ വിശദീകരണം അറിയുന്നതിനായി നടി റിയ ചക്രവര്‍ത്തിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. നിയമവിരുദ്ധ സാമ്ബത്തിക ഇടപാട് സംബന്ധിച്ചായിരുന്നു സുശാന്ത് സിംഗിന്‌റെ കുടുംബത്തിന്റെ പരാതി.

അതിനിടെ കേസെടുത്ത സി ബി ഐ ഇന്നലെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. റിയ ചക്രവര്‍ത്തിയടക്കം ആറ് പേരെ പ്രതികളാക്കിയാണ് സി ബി ഐ എഫ് ഐ ആര്‍. ഇന്ന് മുതല്‍ സി ബി ഐ അന്വേഷണവും ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നടന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ നടി റിയ ചക്രവര്‍ത്തി വകമാറ്റിയെന്നും, നിയമവിരുദ്ധ സാമ്ബത്തിക ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്നുമുള്ള കുടുംബത്തിന്റെ ആരോപണത്തിലാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം. കഴിഞ്ഞ രണ്ട് ദിവസം നടിയുടെ ഹൗസ് മാനേജര്‍ സാമുവേല്‍ മിറാന്‍ഡയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. മുംബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്താന്‍ നിര്‍ദേശിച്ച്‌ നടിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.