തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബോഡി ദ്രുത പരിശോധന താല്‍ക്കാലികമായി നിര്‍ത്തുന്നു. പരിശോധന കിറ്റിന് ക്ഷമത പോരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പക്കലുളള കിറ്റുകള്‍ തിരിച്ചെടുക്കണമെന്ന് ആരോഗ്യ സെക്രട്ടറി ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡിന് (എച്ച്‌എല്‍എല്‍) നിര്‍ദേശം നല്‍കി.

സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് സംസ്ഥാനത്ത് ആന്റിബോഡി ദ്രുതപരിശോധന തുടങ്ങിയത്. ആദ്യഘട്ടത്തില്‍ പതിനായിരം പേരെ പരിശോധിച്ചു. ആശുപത്രി ജീവനക്കാര്‍, പോലിസുകാര്‍ എന്നിവരടക്കം ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്കൊപ്പം അല്ലാത്തവരേയും പരിശോധിച്ചു. പരിശോധിച്ച പലര്‍ക്കും ഐജിജി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. അതായത് ചികിത്സകളൊന്നും തേടാതെ തന്നെ രോഗം വന്ന് ഭേദമായെന്ന് ഫലം.

തുടര്‍ന്ന് രണ്ടാംഘട്ടത്തില്‍ എച്ച്‌എല്‍എല്ലില്‍ നിന്ന് 15,000 കിറ്റുകള്‍ കൂടി വാങ്ങി. ഈ കിറ്റുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ചപ്പോഴാണ് കിട്ടുന്ന ഫലങ്ങള്‍ കൂടുതലും ഐജിജി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. സെന്‍സിറ്റിവിറ്റി കുറഞ്ഞതാകാം ഇതിന് കാരണമെന്ന് വിലയിരുത്തിയാണ് ലാബില്‍ നിന്ന് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കിറ്റുകള്‍ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം ആദ്യഘട്ട ആന്റിബോഡി പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയവരുടെ എണ്ണം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.